എഐ പവേർഡ് സേർച്ച് എഞ്ചിൻ പെർപ്ലെക്സിറ്റിയുടെ (Perplexity) സാൻ ഫ്രാൻസിസ്കോയിലെ ആസ്ഥാനം സന്ദർശിച്ച് ഉലകനായകൻ കമൽ ഹാസൻ. പെർപ്ലെക്സിറ്റി സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തി. എഐയ്ക്കും വളർന്നു വരുന്ന സാങ്കേതികവിദ്യകൾക്കും ക്രിയേറ്റീവ് ഇൻഡസ്ട്രികളിലും സിനിമയിലും വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

സിനിമ മുതൽ സിലിക്കൺ വരെയുള്ള രംഗങ്ങളിൽ ടൂളുകൾ വികസിക്കുന്നു-എന്നാൽ അടുത്തത് എന്ത് എന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയ്ക്ക് മാറ്റമില്ലെന്ന് സന്ദർശനത്തെക്കുറിച്ച് കമൽ സമൂഹ മാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പെർപ്ലെക്സിറ്റി ആസ്ഥാനം സന്ദർശിച്ചത് തനിക്ക് പ്രചോദനം നൽകിയതായും അദ്ദേഹം പറഞ്ഞു. പെർപ്ലെക്സിറ്റി ഓഫീസിൽ കമൽ ഹാസനെ കാണാനും ആതിഥേയത്വം വഹിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രീനിവാസ് പ്രതികരിച്ചു.
