റെയിൽവേ തത്കാൽ റിസർവേഷന്റെ സമയം മാറ്റുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഈ മാസം മുതൽ പുതിയ തത്കാൽ ബുക്കിങ് സമയം നിലവിൽ വരും എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ പ്രചാരണം തെറ്റാണ് എന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB).

സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. എസി, നോൺ എസി ക്ലാസ്സുകളിൽ തത്കാൽ, പ്രീമിയം തത്കാൽ ബുക്കിങ്ങുകളുടെ സമയക്രമം മാറ്റിയിട്ടില്ല. ഏജന്റുകൾക്കായുള്ള ബുക്കിങ് ടൈമിങ്ങിലും മാറ്റമില്ലെന്നും സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പിഐബി ഫാക്ട് ചെക്കിലൂടെ വിശദമാക്കി. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10നും സ്ലീപ്പർ, സെക്കൻഡ് എന്നിവയ്ക്കുള്ള ബുക്കിങ് 11 മണിക്കുമാണ്. എന്നാൽ ഈ മാസം മുതൽ ഇതിൽ മാറ്റം വരുമെന്നും 11 മണിക്കും 12 മണിക്കുമാകും ബുക്കിങ് എന്നുമായിരുന്നു വ്യാജ പ്രചാരണം.
നേരത്തെ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ഇന്ത്യൻ റെയിൽവേ വ്ക്തമാക്കിയിരുന്നു. ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആണ് അറിയിച്ചത്
