2024ൽ ടെക് ലോകം വ്യാപകമായ പിരിച്ചുവിടലുകൾക്കാണ് സാക്ഷിയായത്. ടെക്നോളജി മേഖല ഇതേ ട്രെൻഡ് 2025ലും തുടരും എന്നാണ് റിപ്പോർട്ട്. കമ്പനികൾ ഓട്ടോമേഷൻ, കൃത്രിമ ബുദ്ധി, ചിലവ്-കാര്യക്ഷമത എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ അടക്കമുള്ള ടെക് ഭീമൻമാർ പിരിച്ചുവിടലുകൾ ആവർത്തിക്കുകയാണ്. ലേഓഫ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ട്രൂഅപ്പിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് ഈ വർഷം ടെക് വ്യവസായത്തിൽ ഇതിനകം 45,656 ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചു. പ്രതിദിനം ശരാശരി 439 തൊഴിൽ നഷ്ടമാണ് ഈ മേഖലയിലുണ്ടാകുന്നത്.

2025ൽ മൂന്നാം റൗണ്ട് പിരിച്ചുവിടലുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഗൂഗിൾ. തൊഴിലാളി പുനഃസംഘടനയിൽ ഏറ്റവും സജീവമായി ഏർപ്പെട്ടിരിക്കുന്ന കമ്പനി ആൻഡ്രോയിഡ്, പിക്സൽ സ്മാർട്ട്‌ഫോണുകൾ, ക്രോം വെബ് ബ്രൗസർ എന്നിവയുൾപ്പെടെയുള്ള പ്രധാന ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളുന്ന പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ചു വിടാൻ ഒരുങ്ങുന്നത്.
മൈക്രോസോഫ്റ്റും 2025 മെയ് മാസത്തോടെ പിരിച്ചുവിടലുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആന്തരിക പുനഃസംഘടന മിഡ് മാനേജ്‌മെന്റ് തലങ്ങളെ ലക്ഷ്യം വച്ചുള്ളതായിരിക്കും പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ട്.
2025 ഫെബ്രുവരിയിൽ, മെറ്റ ഏകദേശം 3,600 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് ആഗോളതലത്തിൽ അവരുടെ മൊത്തം ജീവനക്കാരുടെ 5% ശതമാനമാണ്. ഇന്റേണൽ വിലയിരുത്തലുകളാണ് പ്രധാനമായും പിരിച്ചുവിടലുകൾക്ക് കാരണമായത്. കൂടാതെ മെറ്റയെ കൂടുതൽ കാര്യക്ഷമമായ സ്ഥാപനമാക്കി മാറ്റുക എന്ന സിഇഒ മാർക്ക് സക്കർബർഗിന്റെ ലക്ഷ്യവും പിരിച്ചുവിടലിന് പിന്നിലുണ്ട്.
Tech layoffs continue into 2025 as major companies like Google, Microsoft, and Meta restructure for efficiency and automation. Over 45,000 jobs have already been cut this year, highlighting a persistent industry trend.