കഴിഞ്ഞ ദിവസം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സി മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന് സമ്മാനമായി ലഭിച്ചിരുന്നു. പ്രിയ താരത്തിന്റെ ജേഴ്സി കയ്യിൽ കിട്ടിയ സന്തോഷം വീഡിയോയും കുറിപ്പുമടക്കം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ‘ഡിയർ ലാലേട്ടാ’ എന്നെഴുതി സൈൻ ചെയ്ത ജേഴ്സിയാണ് മെസ്സി മോഹൻലാലിന് സമ്മാനിച്ചിരിക്കുന്നത്. വാർത്ത ഇരു താരങ്ങളുടേയും ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ പോസ്റ്റിനു കീഴെ ഇരു ഐക്കണുകളെയും കുറിച്ചുള്ള കമന്റുകൾ നിറയുകയാണ്.

ഒരാൾ ഭൂമിയിൽ പിറന്നത് ഫുട്ബോൾ കളിക്കാനാണെങ്കിൽ മറ്റൊരാൾ പിറന്നത് അഭിനയിച്ചു വിസ്മയിപ്പിക്കാനാണ് എന്നാണ് ഒരു ആരാധകൻ കമന്റ് ഇട്ടിരിക്കുന്നത്. LM10 സൈൻസ് ഫോർ A10 എന്നാണ് മെസ്സിയുടെ ജേഴ്സി നമ്പറും മോഹൻലാലിന്റെ ഫാൻസ് വിളിപ്പേരും വെച്ച് ചിലർ കമന്റ് ഇട്ടിരിക്കുന്നത്. രണ്ടു പേരും ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) ആണെന്നുള്ള കമന്റും GOAT സൈൻഡ് ജേഴ്സി ടു അനദർ GOAT എന്നു തുടങ്ങിയ കമന്റുകളും പോസ്റ്റിനടിയിൽ നിറയുന്നുണ്ട്.
നേരത്തെ, മെസ്സിയുടെ കടുത്ത ആരാധകൻ കൂടിയായ മോഹൻലാൽ ഹൃദയസ്പർശിയായ കുറിപ്പോടു കൂടിയാണ് സൈൻഡ് ജേഴ്സി സമ്മാനമായി ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടത്. ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾക്ക് അതീതമായിരിക്കും, അത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യും. ഇന്ന് അത്തരമൊരു നിമിഷം എനിക്ക് ലഭിച്ചു, എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാൻ തുറന്നു. പെട്ടെന്ന് എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസ താരം ലയണൽ മെസ്സി ഒപ്പുവെച്ച ജേഴ്‌സി. അതിൽ എന്റെ പേരും എഴുതിയിരിക്കുന്നു-മോഹൻലാൽ സമൂഹമാധ്യമതത്തിൽ കുറിച്ചു