2024ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 50 റാങ്ക് ജേതാക്കളിൽ ഇടം നേടി കേരളത്തിൽ നിന്ന് മുൻപിലെത്തി മാളവിക.ജി.നായർ. ദേശീയ തലത്തിൽ 45ആം റാങ്ക് ഉള്ള മാളവിക കേരളത്തിൽ നിന്നും ഇത്തവണ ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന വ്യക്തിയാണ്. പ്രസവത്തിനു ശേഷം 17 ദിവസത്തിനുള്ളിൽ മെയിൻസ് പരീക്ഷ എഴുതിയാണ് മികച്ച വിജയം കൈവരിച്ചിരിക്കുന്നത് എന്നതും മാളവികയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. അവസാന ശ്രമത്തിലാണ് മാളവികയുടെ സ്വപ്ന നേട്ടം.

ഉയർന്ന റാങ്ക് സ്വന്തമാക്കാനായതിൽ സന്തോഷമുണ്ടെന്നും അവസാന ശ്രമത്തിൽ ഇത്തരമൊരും ഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മാളവിക മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ സ്വദേശിയായ മാളവിക നിലവിൽ ഇന്ത്യൻ റെവന്യൂ സർവീസ് ഉദ്യാഗസ്ഥയാണ്. മുൻ വർഷങ്ങളിലെ തയ്യാറെടുപ്പുകളും കുടുംബത്തിന്റെ പിന്തുണയും റാങ്ക് നേട്ടത്തിൽ സഹായകരമായതായി മാളവിക പറഞ്ഞു. 2022 സിവിൽ സർവീസ് പരീക്ഷയിൽ 172ആം റാങ്ക് നേടിയാണ് മാളവിക ഐആർഎസ് സ്വന്തമാക്കിയത്. മാളവികയുടെ ഭർത്താവ് എം. നന്ദഗോപൻ 2023 ബാച്ചിലെ ഐപിഎസ് ഓഫീസർ ട്രെയിനിയാണ്
