ഈ വർഷം മുതൽ ബാച്ചിലർ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ് ഓണേഴ്സ് വിത്ത് റിസർച്ച് (BMS Honours with Research) എന്ന നാല് വർഷത്തെ ബിരുദ പ്രോഗ്രാം ആരംഭിക്കാൻ ഐഐഎം കോഴിക്കോട് (IIM Kozhikode-IIMK). മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത് നൂതന സാധ്യതകൾ കണക്കിലെടുത്താണ് നേരത്തെയുണ്ടായിരുന്ന ബിരുദാനന്തരബിരുദ-ഡിപ്ലോമ പ്രോഗ്രാമുകൾ കൂടാതെയുള്ള പുതിയ ചുവടുവെയ്പ്പ്. ഐഐഎംകെയുടെ കൊച്ചി കാമ്പസിലാണ് ക്ലാസ് സംഘടിപ്പിക്കുക.

മികച്ച വിദ്യാർത്ഥികളെ ചെറുപ്രായത്തിൽത്തന്നെ കണ്ടെത്തി ഇന്നവേഷൻ രംഗത്തും മാനേജ്മെൻ്റ് രംഗത്തും സംരംഭക രംഗത്തും മുതൽകൂട്ടാക്കാനുള്ള ലക്ഷ്യമാണ് ഐഐഎം മുന്നോട്ടു വെയ്ക്കുന്നത്. സാധാരണയായി ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റുകൾക്കും പേരുകേട്ട ഐഐഎമ്മുകളിൽ നിന്നുള്ള ഈ പുതിയ കാൽവെയ്പ്പിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) സ്വാധീനവുമുണ്ട്.

മെയ് 22 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പ്രവേശനത്തിനായുള്ള അഭിരുചി പരീക്ഷ ജൂൺ 22ന് നടക്കും. ജൂലൈ മാസത്തിൽ തന്നെ ഇൻ്റർവ്യൂ നടത്തി, അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ ആദ്യവാരങ്ങളിലായി ക്ലാസ്സുകൾ തുടങ്ങും. പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവർ, പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം ത്രിവത്സര ഡിപ്ലോമ പൂർത്തിയാക്കിയവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും എൻആർഐ വിഭാഗത്തിൽപ്പെട്ടവർക്കും കോഴ്സിലെക്ക് അപേക്ഷിക്കാൻ സാധിക്കും.