നാവിൽ രുചിമേളം തീർക്കുന്നവർ മാത്രമല്ല, അതിന് വമ്പൻ തുക പ്രതിഫലം കൈപ്പറ്റുന്നവർ കൂടിയാണ് സെലിബ്രിറ്റി ഷെഫുമാർ. അത്തരത്തിൽ വമ്പൻ സമ്പാദ്യമുള്ള ഇന്ത്യൻ ഷെഫുമാരെ കുറിച്ചറിയാം.
സഞ്ജീവ് കപൂർ
ഇന്ത്യൻ പാചക രംഗത്തെ ഇതിഹാസ നാമമാണ് ‘മാസ്റ്റർ ഷെഫ്’ എന്നറിയപ്പെടുന്ന സഞ്ജീവ് കപൂർ. 1993 മുതൽ ഐക്കണിക് കുക്കറി ഷോയായ ‘ഖാന ഖസാനയിലൂടെ’ അദ്ദേഹം ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രിയങ്കരനായി. ഏഷ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പാചക ഷോയായ ഖാന ഖസാനയ്ക്ക് പുറമേ അദ്ദേഹം 150ലധികം ബെസ്റ്റ് സെല്ലിംഗ് പാചകപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വിജയകരമായ റെസ്റ്റോറന്റ് സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന് 1165 കോടി രൂപ ആസ്തിയുള്ളതായി മണിമിന്റ് റിപ്പോർട്ട് ചെയ്യുന്നു.

വികാസ് ഖന്ന
ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ ആഗോള അംബാസഡറായി അറിയപ്പെടുന്ന വികാസ് ഖന്ന മാസ്റ്റർഷെഫ് ഇന്ത്യ, സെലിബ്രിറ്റി മാസ്റ്റർഷെഫ് എന്നിവയിലൂടെയാണ് പ്രശസ്തനായത്. ഷെഫ്, ടിവി വ്യക്തിത്വം, എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ്, റസ്റ്റോറേറ്റർ എന്നീ നിലകളിലുള്ള മികച്ച കരിയറാണ് അദ്ദേഹത്തിന്റേത്. ലൈഫ്സ്റ്റൈൽ ഏഷ്യ കണക്കനുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി 84 കോടി മുതൽ 127 കോടി രൂപ വരെയാണ്.
കുനാൽ കപൂർ
ഇന്ത്യൻ പാചകരംഗത്ത് അറിയപ്പെടുന്ന പേരാണ് ഷെഫ് കുനാൽ കപൂറിന്റേത്. മാസ്റ്റർഷെഫ് ഇന്ത്യയിലെ ജഡ്ജായും ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ സംരംഭങ്ങളിലൂടെയും എല്ലാം അറിയപ്പെടുന്ന കുനാൽ കപൂർ പാചക ലോകത്ത് തന്റേതായ സ്ഥാനം നേടി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ ആസ്തി 8.71 കോടി മുതൽ 43.57 കോടി രൂപ വരെയാണ്.
രൺവീർ ബ്രാർ
പ്രശസ്ത പാചകവിദഗ്ധനും, റെസ്റ്റോറേറ്ററും, ജനപ്രിയ ടെലിവിഷൻ വ്യക്തിത്വവുമാണ് രൺവീർ ബ്രാർ. നിലവിൽ സെലിബ്രിറ്റി മാസ്റ്റർഷെഫിലെ ജഡ്ജായ അദ്ദേഹത്തിന് പ്രതിമാസം ഏകദേശം 45 ലക്ഷം രൂപ വരുമാനമുള്ളതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 41 കോടി രൂപയുടെ ആസ്തിയാണ് രൺവീറിന് ഉള്ളത്.

ഗരിമ അറോറ
മിഷേലിൻ സ്റ്റാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഷെഫ് എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച ഗരിമ അറോറ പ്രൊഫഷനൽ പാചക ലോകത്ത് സ്ത്രീകൾക്ക് മാതൃകയാണ്. അസാധാരണമായ കഴിവും സമർപ്പണവും കൊണ്ട് രണ്ട് മിഷേലിൻ സ്റ്റാറുകളാണ് അവർ നേടിയത്. ഗരിമ അറോറയുടെ ആസ്തി ഏകദേശം 40 കോടി രൂപയാണ്.
ഹർപാൽ സിംഗ് സോഖി
ലാഫർ ഷെഫ് ഇന്ത്യ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഹർപാൽ സിംഗ് സോഖി ടർബൻ തഡ്ക, സൂപ്പർ ഷെഫ് തുടങ്ങിയ ഹിറ്റ് പാചക പരിപാടികളിലൂടെയും ശ്രദ്ധ നേടി. ഏകദേശം ₹35 കോടിയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ജനപ്രിയ കുക്കറി ഷോകളിൽ നിന്നും വിജയകരമായ റസ്റ്റോറന്റ് സംരംഭങ്ങളിൽ നിന്നുമാണ്.