ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഫെസ്റ്റിവലായ മെറ്റ്ഗാല ബോളിവുഡ് താരം ഷാരൂഖ് ഖാൻ അടക്കമുള്ളവരുടെ പങ്കാളിത്തത്തോടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. കിങ് ഖാന്റെ മെറ്റ്ഗാല അരങ്ങേറ്റമാണ് സംഭവത്തെ കളറാക്കുന്നത്. എന്നാൽ മലയാളികളെ സംബന്ധിച്ച് അതിലും കളറായ ഒരു വിശേഷം കൂടി ഇത്തവണത്തെ മെറ്റ് ഗാലയ്ക്കുണ്ട്. ന്യൂയോർക്കിലെ മെറ്റ്ഗാല 2025 വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള അതിമനോഹരമായ കാർപ്പറ്റ് നിർമിച്ചിരിക്കുന്നത് കേരളത്തിൽ നിന്നുള്ള സംരംഭമായ ‘നെയ്ത്ത് – എക്സ്ട്രാവീവ്’ (Neytt Extraweave) ആണ്.

പരമ്പരാഗത നെയ്ത്ത് വ്യവസായ കുടുംബത്തിൽ നിന്നും പുത്തൻ ഉൽപന്നങ്ങളുമായി ലോകം കീഴടക്കുകയാണ് ചേർത്തലയിൽ നിന്നുള്ള ‘നെയ്ത്ത് – എക്സ്ട്രാവീവ്’. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025നായി ‘നെയ്ത്ത് – എക്സ്ട്രാവീവ്’ നിർമ്മിച്ചത്. 480 തൊഴിലാളികൾ 90 ദിവസം കൊണ്ട് നെയ്തെടുത്തതാണ് ഈ കാർപ്പറ്റുകൾ. സിസൽ ഫാബ്രിക്സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
1917ലാണ് കെ. വേലായുധൻ എന്ന സംരംഭകൻ ആലപ്പുഴയിൽ ‘ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിങ്’ ആരംഭിച്ചത്. 1930ൽ കമ്പനി ചേർത്തലയിൽ വിപുലമായ നിർമാണം ആരംഭിച്ചു. 2000ൽ വേലായുധന്റെ മകൻ സന്തോഷ് വേലായുധൻ എക്സ്ട്രാവീവ്സ് എന്നു പേര് മാറ്റി സംരംഭം വിപുലീകരിച്ചു. 2021ൽ സന്തോഷിന്റെ മകൻ ശിവൻ, ഭാര്യ നിമിഷ ശ്രീനിവാസൻ എന്നിവർ ചേർന്ന് ആഢംബര പരവതാനികൾക്കായി ‘നെയ്ത്ത് എക്സ്ട്രാവീവി’നു തുടക്കമിടുകയായിരുന്നു.
ആദ്യമായല്ല ഇവരുടെ പരവതാനികൾ ലോകവേദികളിലേക്ക് എത്തുന്നത്. 2012ൽ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലേക്കും ബക്കിങ്ങ്ഹാം കൊട്ടാരത്തിലും കമ്പനി പരവതാനി വിതരണം ചെയ്തിരുന്നു. ഇതിനു പുറമേ 2022, 2023 മെറ്റ്ഗാലയിലും ഇവർ നിർമിച്ച പരവതാനി ശ്രദ്ധയാകർഷിച്ചു. 1977ലാണ് കമ്പനിയെ തേടി ആദ്യ പ്രധാന അഗീകാരമെത്തുന്നത്. തുടർച്ചയായി ഏറ്റവുമധികം കയർ ഫ്ലോർ കവറിങ്ങുകൾ വിതരണം ചെയ്തതിനുള്ള രാഷ്ട്രപതിയുടെ അംഗീകാരമായിരുന്നു അത്. ഡിഎൻഎ പാരിസ് ഡിസൈൻ അവാർഡ്, യൂറോപ്യൻ പ്രൊഡക്റ്റ് ഡിസൈൻ അവാർഡ് തുടങ്ങിയ അന്താരാഷ്ട്ര അംഗീകാരങ്ങളും കമ്പനിയെ തേടിയെത്തി.
അൾട്രാ വയലറ്റ് രശ്മികൾ പതിക്കുമ്പോഴും മുറിയിലെ താപനില വ്യത്യാസം അനുസരിച്ച് ഡിസൈൻ മാറുന്നതുമായ സെൻസർ ഘടിപ്പിച്ച ‘സ്മാർട്’ പരവതാനികളും കമ്പനി നിർമിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നൂലിനൊപ്പം പുനരുപയോഗ പ്ലാസ്റ്റിക് നൂലു കൊണ്ടും ഇവർ പരവതാനിയുണ്ടാക്കുന്നു. ഏകദേശം 700 ജോലിക്കാരാണു കമ്പനിയുടെ ചേർത്തല നിർമാണശാലയിൽ മാത്രമുള്ളത്. നിരവധി കുടുംബങ്ങൾക്ക് തൊഴിൽ ഒരുക്കുന്നതിനൊപ്പം നെയ്ത്ത് എക്സ്ട്രാവീവ്സ് തുടർച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിൻ്റെ ടെക്സ്റ്റൈൽ പെരുമ ലോകമാകെ അടയാളപ്പെടുത്തുന്നു.
Kerala-based Neytt Extraweave crafts a stunning carpet for Met Gala 2025, marking another milestone in its global textile journey.