ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യമിടാൻ ഇന്ത്യയെ സഹായിച്ചത് സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ആണ്. ഇന്ത്യാ ഗവൺമെന്റിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും പാക് വ്യോമതാവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ സൂപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തദ്ദേശീയമായ ഇന്ത്യൻ ആയുധങ്ങളുടെ ശക്തി ഓപ്പറേഷൻ സിന്ദൂറിലൂടെ വെളിവായപ്പോൾ ബ്രഹ്മോസിനായി കൂടുതൽ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിക്കുകയാണ്. നൂതന സംവിധാനം സ്വന്തമാക്കുന്നതിൽ നിരവധി രാജ്യങ്ങളാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഏപ്രിലിൽ ആഗോള പ്രതിരോധ സഹകരണത്തിലെ നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളുടെ രണ്ടാം ബാച്ച് ഫിലിപ്പീൻസിലേക്ക് അയച്ചിരുന്നു. 2022ൽ ഒപ്പുവെച്ച 375 മില്യൺ ഡോളറിന്റെ കരാറിനെ തുടർന്നാണിത്.
കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്. ഫയർ ആൻഡ് ഫൊർഗെറ്റ് എന്നാണ് ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് വിശേഷിപ്പിക്കപ്പെടുന്നത്. വിക്ഷേപിച്ചുകഴിഞ്ഞാൽ മറ്റ് മാർഗനിർദേശങ്ങളൊന്നും ആവശ്യമില്ലാത്ത മിസൈൽ എന്ന നിലയ്ക്കാണ് ഈ വിശേഷണം.15 കിലോമീറ്റർ വരെ ക്രൂയിസിംഗ് ഉയരവും 10 മീറ്റർ വരെ ടെർമിനൽ ഉയരവുമാണ് ബ്രഹ്മോസിന്റെ സവിശേഷത. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയിലെ എൻപിഒഎമ്മും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസിന് ബ്രഹ്മപുത്ര, മോസ്ക്വ നദികളുടെ പേരുകളുടെ സംയോജനമായാണ് ആ പേര് ലഭിച്ചത്. ഇന്ത്യയ്ക്ക് 50.5 ശതമാനം ഓഹരിയും റഷ്യയ്ക്ക് 49.5 ശതമാനം ഓഹരിയുമാണ് ബ്രഹ്മോസിൽ ഉള്ളത്. മിസൈലിന്റെ ആദ്യ വിജയകരമായ പരീക്ഷണം 2001 ജൂൺ 12-ന് ഒഡീഷയിലെ ചാന്ദിപ്പൂർ തീരത്തു നിന്നായിരുന്നു. നിലവിൽ ഇന്ത്യയ്ക്ക് വായുവിൽ നിന്ന് വിക്ഷേപിക്കാവുന്നത്, കരയിൽ നിന്ന് വിക്ഷേപിക്കാവുന്നന്നത്, അന്തർവാഹിനി അധിഷ്ഠിത പതിപ്പ് എന്നിങ്ങനെ ബ്രഹ്മോസിന്റെ മൂന്ന് വകഭേദങ്ങളാണ് ഉള്ളത്.

വിയറ്റ്നാം, മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, ബ്രൂണെ, ബ്രസീൽ, ചിലി, അർജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ദക്ഷിണാഫ്രിക്ക, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോർട്ട്.
India’s BrahMos supersonic cruise missile, successfully used in Operation Sindoor, is attracting significant global interest and boosting India’s defense exports and partnerships.