മെട്രോ ട്രെയിനുകളിലേതിന് സമാനമായ ‘അലേർട്ട്’ സൗകര്യങ്ങൾ കൊണ്ടുവരാൻ കെഎസ്ആർടിസി. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ സ്ഥാപിക്കുന്നത്. ബസുകളുടെ സ്റ്റോപ്പുകൾ, എത്തിച്ചേരൽ/പുറപ്പെടൽ സമയം, റൂട്ടുകൾ, തടസ്സങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യാത്രക്കാർക്ക് അറിയാനാകും.

തത്സമയ അപ്ഡേറ്റുകൾ നൽകുന്നതിനായി പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേയും ഓട്ടോമേറ്റഡ് വോയ്സ് അനൗൺസ്മെന്റ് സിസ്റ്റവും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ 500ഓളം ബസുകളിലാണ് സംവിധാനം കൊണ്ടുവരിക. 400 ഓർഡിനറി ബസുകളും 100 സൂപ്പർ ഫാസ്റ്റ് ബസുകളും അടക്കമാണിത്. ബസുകളിൽ സ്ഥാപിക്കുന്ന സ്പീക്കറുകൾ വഴി മലയാളത്തിലും ഇംഗ്ലീഷിലും ഓഡിയോ അനൗൺസ്മെന്റ് നടത്തും. വരാൻ പോകുന്ന സ്റ്റോപ്പുകൾ ഇത്തരത്തിൽ അനൗൺസ് ചെയ്യും. ബസിനുള്ളിലെ ഡിജിറ്റൽ ഡിസ്പ്ലേകൾ വഴി സ്റ്റോപ്പുകൾ സംബന്ധിച്ചും മറ്റുമുള്ള തത്സമയ വിഷ്വൽ അപ്ഡേറ്റുകളും നൽകും.
ഓഡിയോ-വിഷ്വൽ വിവരങ്ങളോടുകൂടിയ ഇന്റഗ്രേറ്റഡ്-ഓട്ടോമേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIAS) ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ലൈസൻസിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് ലൈസൻസ് നൽകുക. ലൈസൻസ് വാർഷികാടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കു കൂടി നീട്ടി ലഭിക്കും. കൃത്യവും സമയബന്ധിതവുമായ വിവരങ്ങളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം സഹായിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. സർക്കാർ അധികാരികൾ പുറത്തിറക്കുന്ന വിവിധ പൊതു വിവരങ്ങളും സംവിധാനത്തിലൂടെ സംപ്രേഷണം ചെയ്യും.
KSRTC introduces a metro-like passenger information system with real-time stop alerts and voice announcements in Malayalam and English for 500 buses.