ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് താൽക്കാലികമായി അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിരുന്നു. തുടർന്ന് യാത്രക്കാരുടെയും വ്യോമയാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ദുബായ് വിമാനത്താവളം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കേണ്ടി വന്നത്.

വിമാനത്താവളം സാധാരണ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. സംഘർഷത്തെ തുടർന്ന് ലണ്ടൻ-ദുബായ്, ദോഹ സർവീസുകൾ ബ്രിട്ടീഷ് എയർവേയ്സ് റദ്ദാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ സർവീസ് തുടരുമെന്ന് ബ്രിട്ടീഷ് എയർവേയ്സിനെ ഉദ്ധരിച്ച് ദി നാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ചില എയർലൈനുകൾ തിരഞ്ഞെടുത്ത സർവീസുകൾ റദ്ദാക്കിയിട്ടുള്ളതായി അറിയിച്ചു. നിരവധി എത്തിഹാദ് വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്. എത്തിഹാദിന്റെ അബുദാബി-ജയ്പ്പൂർ, ദോഹ, കുവൈത്ത്, മസ്കറ്റ്, റിയാദ്, ദമ്മാം സർവീസുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാർ അതാത് വിമാന സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ പറഞ്ഞു.
മേഖലയുടെ ചില ഭാഗങ്ങളെ ബാധിക്കുന്ന വ്യോമാതിർത്തി അടച്ചിടൽ കാരണം, ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് കാലതാമസമോ റദ്ദാക്കലോ വഴിതിരിച്ചുവിടലോ നേരിടേണ്ടി വന്നേക്കാമെന്ന് ദുബായ് എയർപോർട്ട് വെബ്സൈറ്റിലൂടെ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസിനായി എല്ലാ യാത്രക്കാരും എയർലൈനുമായി ബന്ധപ്പെടാനും വെബ്സൈറ്റിൽ പറയുന്നു. ചില വിമാനങ്ങൾ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ എയർലൈനുകൾ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
ഖത്തർ വ്യോമാതിർത്തി വീണ്ടും തുറന്നതോടെ വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു. പിന്നാലെ കുവൈത്ത് സിവിൽ ഏവിയേഷനും വ്യോമഗതാഗതം പുനഃസ്ഥാപിച്ചതായി അറിയിച്ചു. പ്രധാന ആഭ്യന്തര-അന്തർദേശീയ ഏജൻസികളുമായുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ സാധാരണ നിലയിലാക്കിയത്.
Dubai International Airport has resumed operations after a temporary shutdown due to an Iranian attack on a US airbase in Qatar. While British Airways services to Dubai have resumed, some airlines, including Etihad, still have cancellations and diversions. Travelers are advised to check flight statuses.