ഇന്ത്യയിലെ ആദ്യ അതിദരിദ്ര രഹിത സംസ്ഥാനമായി മാറാൻ ഒരുങ്ങുകയാണ് കേരളം. നിലവിലെ സമഗ്ര പദ്ധതി പൂർത്തിയാക്കി 2025 നവംബറിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2021ൽ കേരളം സമഗ്ര അതിദരിദ്ര നിർമാർജന പദ്ധതി (EPEP) ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇപ്പോൾ 100 ശതമാനം അതിദരിദ്ര രഹിത സംസ്ഥാനം എന്ന നാഴികക്കല്ലിലേക്ക് കേരളം അടുക്കുന്നത്.
64,006 കുടുംബങ്ങളാണ് സംസ്ഥാനത്ത് അതിദരിദ്രായി തിരിച്ചറിയപ്പെട്ടതെന്നും ഇതിൽ 93 ശതമാനം കുടുംബങ്ങളുടെയും ഉന്നമനത്തിനായി ഇപിഇപി വിജയകരമായി പ്രവർത്തിച്ചതായും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഗവൺമെന്റ് സപ്പോർട്ട് സിസ്റ്റത്തിനു പുറത്തുള്ള ജനങ്ങളുടെ ഉന്നമനത്തിനായാണ് അതിദരിദ്ര നിർമ്മാർജ്ജന പദ്ധതി അഥവാ ഇപിഇപി ആരംഭിച്ചത്. ഗുണഭോക്താക്കളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് അന്തിമ ഷോർട്ട്‌ലിസ്റ്റിംഗിലാണ് 64,006 കുടുംബങ്ങളിലേക്ക് എത്തിയത്. അവർക്കായി സമഗ്ര പദ്ധതി ആസൂത്രണം ചെയ്തു- മന്ത്രി പറഞ്ഞു.

നീതി ആയോഗിന്റെ കണക്ക് അനുസരിച്ച് ഏറ്റവും കുറവ് ദാരിദ്ര്യ അനുപാതമുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം. വെറും 0.55 ശതമാനം മാത്രമാണ് കേരളത്തിന്റെ ദാരിദ്ര്യ അനുപാതം. ഗോവ (0.84 ശതമാനം), തമിഴ്‌നാട് (2.20 ശതമാനം), സിക്കിം (2.60 ശതമാനം), പഞ്ചാബ് (4.75 ശതമാനം) എന്നിവയാണ് മറ്റ് മുൻനിര സംസ്ഥാനങ്ങൾ.
ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന എംപിഐ ചട്ടക്കൂട് സ്വീകരിച്ചതാണ് അതിദരിദ്ര നിർമ്മാർജ്ജനത്തിനായുള്ള കേരളത്തിന്റെ സമീപനത്തിൽ സുപ്രധാനമായത്. അതിദരിദ്ര കുടുംബങ്ങളെ തിരിച്ചറിയാൻ സർക്കാർ കുടുംബശ്രീയും പഞ്ചായത്തുകളും വഴി പ്രാദേശിക തലത്തിലുള്ള സർവേകൾ നടത്തി. ഇത്തരം കാര്യങ്ങൾ ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന് ഏറെ ഗുണം ചെയ്തു.
കുടുംബശ്രീയുടെ പ്രവർത്തനമാണ് ദാരിദ്ര്യ നിർമാർജനത്തിൽ എടുത്തുപറയേണ്ടത്. അയൽപക്ക ഗ്രൂപ്പുകൾ, ഏരിയ വികസന സൊസൈറ്റികൾ, കമ്മ്യൂണിറ്റി വികസന സൊസൈറ്റികൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള കമ്മ്യൂണിറ്റി നെറ്റ്‌വർക്കായിട്ടാണ് കുടംബശ്രീ പ്രവർത്തനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകർ, വിവിധ കമ്മ്യൂണിറ്റി സംഘടനകൾ എന്നിവയുടെ പിന്തുണയോടെയായിരുന്നു പ്രവർത്തനം. അതിദരിദ്രരെ തിരിച്ചറിയുന്നതിനായി 1.4 ദശലക്ഷത്തിലധികം ആളുകളെ ഉൾപ്പെടുത്തിയാണ് ഇപിഇപിയുടെ പട്ടിക തയ്യാറാക്കിയത്. ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ വിലയിരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക മൈക്രോ പ്ലാനുകൾ വികസിപ്പിച്ചെടുത്തു.
2023 നവംബറോടെ തിരിച്ചറിഞ്ഞ കുടുംബങ്ങളിൽ 47 ശതമാനം പേരുടെയും നില മെച്ചപ്പെടുത്താൻ ഇപിഇപി സഹായിച്ചു. 2024ൽ ഈ കണക്ക് 70 ശതമാനമായി വർദ്ധിച്ചപ്പോൾ നിലവിൽ മൊത്തം കുടുംബങ്ങളുടെ 93 ശതമാനത്തേയും അതിദരിദ്രരല്ലാതാക്കാൻ ഇപിഇപിയിലൂടെ കഴിഞ്ഞു. നവംബറോടെ 100 ശതമാനം കവറേജ് കൈവരിക്കുകയാണ് ലക്ഷ്യമെന്നും ഇതോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നും മന്ത്രി പറഞ്ഞു.
Kerala is set to become India’s first extreme poverty-free state by November 2025, thanks to its comprehensive Extreme Poverty Eradication Project (EPEP), which has uplifted 93% of identified ultra-poor families since 2021.