ദിവസവും ഏത്രയോ ഭൂമി രാജ്യത്ത് വിൽക്കുകയും വാങ്ങുകയും ചെയ്യപ്പെടുന്നു. അതിലെന്ത് പുതുമ. എന്നാൽ ഭൂമി റജിസ്ട്രേഷൻ അടക്കം ഫുള്ളി ഡിജിറ്റൽ ആയാണ് ചെയ്യപ്പെട്ടതെങ്കിലോ. അത്തരത്തിൽ ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലാൻഡ് റജിസ്ട്രേഷനിലൂടെ ശ്രദ്ധേയമാകുകയാണ് കാസർഗോഡ് മഞ്ചേശ്വരം ഉജർഉൾവാർ വില്ലേജിൽ കഴിഞ്ഞ ദിവസം നടന്ന ഭൂമി വിൽപ്പന. 15 സെന്റ് ഭൂമിയാണ് രാജ്യത്തെ ആദ്യ ഓൺലൈൻ ഭൂമി റജിസ്ട്രേഷനിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്.

റവന്യൂ, സർവേ, റജിസ്ട്രേഷൻ വകുപ്പുകളുടെ ‘എന്റെ ഭൂമി’ പോർട്ടലിലൂടെയാണ് ഭൂമികൈമാറ്റം ഓൺലൈനായി നടത്തിയത്. ഈ മൂന്ന് വകുപ്പുകളേയും സംയോജിപ്പിച്ച് മുഴുവൻ ഭൂരേഖകളും ഭൂമി ഇടപാടുകളും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ദൗത്യത്തിലാണ് കേരളം. സമ്പൂർണ ഡിജിറ്റൽ സർവേ രാജ്യത്ത് ആദ്യമായി പൂർത്തീകരിച്ച വില്ലേജ് കൂടിയാണ് മഞ്ചേശ്വരം താലൂക്കിലെ ഉജർഉൾവാർ. ഭൂമി തർക്കങ്ങൾ ഇല്ലാതാക്കുക, ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഏകജാലക സംവിധാനം സ്ഥാപിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
2021ലാണ് സംസ്ഥാനത്ത് ഡിജിറ്റൽ ഭൂമി സർവേ പ്രക്രിയ ആരംഭിച്ചത്. ഇതുവരെ 312 വില്ലേജുകളിലായി 7.34 ലക്ഷം ഹെക്ടർ ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയാക്കി. ഗ്രാമത്തിലെ മുഴുവൻ ഡിജിറ്റൽ ഭൂമി സർവേയും പൂർത്തിയാക്കി ഉജർഉൾവാർ വില്ലേജിനെ ഡിജിറ്റലൈസ് പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ടെംപ്ലേറ്റുകൾ ഉപയോഗിച്ചുള്ള ആദ്യ ഓൺലൈൻ ഭൂമി കൈമാറ്റവും റജിസ്ട്രേഷനും ജൂൺ 24ന് നടന്നു.
വിൽപ്പന രേഖ, ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ലഭിക്കുന്നതിനുള്ള അപേക്ഷ തുടങ്ങിയ മുഴുവൻ കാര്യങ്ങളും ‘എന്റെ ഭൂമി’ പോർട്ടൽ വഴി ഓൺലൈനായാണ് ചെയ്തത്. കേരളത്തിൽ മാത്രമല്ല രാജ്യത്തു തന്നെ നടക്കുന്ന ആദ്യ ഓൺലൈൻ ടെംപ്ലേറ്റ് അധിഷ്ഠിത ഭൂമി ഇടപാടാണ് ഇതെന്ന് കേരള റജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് പറഞ്ഞു.
വിശദമായ ഭൂമി രേഖ തയ്യാറാക്കുന്നതിനുപകരം, ‘എന്റെ ഭൂമി’ പോർട്ടലിൽ നൽകിയിരിക്കുന്ന ടെംപ്ലേറ്റിൽ ആവശ്യമായ വിശദാംശങ്ങൾ മാത്രം നൽകിയാൽ മതി എന്നതിനാൽ പ്രക്രിയ വളരെ എളുപ്പമാക്കുന്നു. വിൽപ്പന രേഖയുടെ കൃത്യത ഉറപ്പാക്കുകയും പേപ്പറുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നത് ടെംപ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ഭൂമി റജിസ്ട്രേഷൻ സംവിധാനത്തിന്റെ മറ്റ് ഗുണങ്ങളാണ്-അവർ പറഞ്ഞു.
Kerala marks a historic first in India with the completion of the country’s first fully online land registration in Kasaragod’s Ujarulvar village, streamlining property transactions.