വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നികുതി ഇളവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി മലയാളി ഡീപ്-ടെക് സ്റ്റാർട്ടപ്പ് ഫ്യുസലേജ് ഇന്നോവേഷൻസ് (Fuselage Innovations). വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (DPIIT) 80-IAC നികുതി ഇളവ് സർട്ടിഫിക്കറ്റാണ് സ്റ്റാർട്ടപ്പിന് ലഭിച്ചത്.

സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴിലുള്ള സർട്ടിഫിക്കറ്റിലൂടെ തുടർച്ചയായ മൂന്ന് സാമ്പത്തിക വർഷത്തേക്ക് ലാഭത്തിന്റെ 100 ശതമാനം ആദായനികുതി ഇളവ് ലഭിക്കും. ആദ്യ പത്ത് വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും സ്റ്റാർട്ടപ്പിന് ഇത് പ്രയോജനപ്പെടുത്താം. രാജ്യത്ത് ഇതുവരെ 200ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഫ്യുസലേജ് ഇന്നോവേഷൻസിന്റെ സാമ്പത്തിക അച്ചടക്കം, നവീകരണം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ എലൈറ്റ് ഗ്രൂപ്പിലേക്കുള്ള സ്ഥാനമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
കാർഷിക ആവശ്യങ്ങൾക്കുള്ള ഡ്രോൺ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഫ്യുസലേജ്. നികുതി ഇളവ് ലഭിക്കുന്നതോടെ സ്റ്റാർട്ടപ്പിന് ഡ്രോണുകളും ഡ്രോൺ അധിഷ്ഠിത സേവനങ്ങളും കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനാകും. ഇത് കർഷകർക്കും സംരംഭങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൂതന പരിഹാരങ്ങൾ നൽകുന്നതിനു സഹായിക്കും. പ്രിസിഷൻ അഗ്രികൾച്ചർ, പരിശീലനം തുടങ്ങിയവയ്ക്കായി കമ്പനി സബ്‌സിഡി സേവന മോഡലുകളും (40-80 ശതമാനം സബ്‌സിഡി) ആരംഭിച്ചിട്ടുണ്ട്. ഇത് ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ പ്രദേശങ്ങളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുമെന്ന് കമ്പനി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
നികുതി സമ്മർദ്ദമില്ലാതെ വളർച്ച കൈവരിക്കാൻ ഇവ സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്ന് ഇന്ത്യ എസ്എംഇ ഫോറം പ്രസിഡന്റ് വിനോദ് കുമാർ പറഞ്ഞു.
Deep-tech startup Fuselage Innovations received the 80-IAC tax exemption under Startup India, enabling it to offer affordable drone services and expand access to rural and remote areas.