വാഹനപ്രേമികൾക്ക് സൂപ്പർ കാറുകൾ എന്നാൽ ക്രേസ് ആണ്. അത് വാങ്ങാനുള്ള പണം തടസ്സമാകുന്നതിനാൽ പലരും ചുവരിലെ പോസ്റ്ററായും ഫോണിലെ വാൾപ്പേപ്പറായും ആ സ്വപ്നം ഒതുക്കും. എന്നാൽ ബിബിൻ എന്ന ചെറുപ്പക്കാരൻ സ്വപ്നങ്ങളെ അങ്ങനെ ഒതുക്കാൻ ഒരുക്കമല്ല. സ്വപ്ന വാഹനമായ ലംബോർഗിനി സ്വയം നിർമിച്ചാണ് ബിബിൻ ശ്രദ്ധ നേടുന്നത്.
മൂന്ന് വർഷം മുൻപാണ് ബിബിൻ സ്വന്തമായ ലംബോർഗിനി എന്ന സ്വപ്നപദ്ധതിക്കായി ശ്രമങ്ങൾ ആരംഭിച്ചത്. പരിമിതമായ ഫണ്ടും അതിലും പരിമിതമായ സമയവും വെച്ച് ലംബോർഗിനി ഹുറാക്കാൻ പകർപ്പിന്റെ 70–80 ശതമാനത്തോളം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ലോക്കൽ ഹാർഡ് വെയർ ഷോപ്പുകളിൽ നിന്നും സ്ക്രാപ്പ് യാർഡുകളിൽ നിന്നും ശേഖരിച്ച പാർട്സ് വെച്ചാണ് വിപണിയിൽ നാലു കോടി രൂപ മുതൽ വിലയുള്ള ഹുറാക്കാൻ ബിബിൻ സ്വന്തമായി നിർമിച്ചിരിക്കുന്നത്.

മെറ്റൽ പൈപ്പുകൾ ഉപയോഗിച്ചാണ് ബോഡി ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്. സ്ട്രക്ചറിൽ കാർഡ്ബോർഡ് ഷീറ്റ് സ്ഥാപിച്ച് ഫൈബർഗ്ലാസ് ഉപയോഗിച്ച് ലംബോർഗിനിയുടെ കേർവ്സ് രൂപപ്പെടുത്തി. ഹുറാക്കാന്റെ യഥാർത്ഥ മെഷർമെന്റ് ഉപയോഗിച്ചാണ് നിർമാണം. എന്നാൽ ഹുറാക്കാന്റെ വീലുകൾ വാങ്ങുന്നത് ചിലവേറിയതാണ്. അതിനും ബിബിൻ പരിഹാരം കണ്ടു. മാരുതി ആൾട്ടോയുടെ വീലുകൾ വെച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി. അതിന്റെ വലുപ്പത്തിന് അനുസരിച്ച് കാറിലും ചെറിയ മാറ്റങ്ങൾ.
ലംബോർഗിനിയുടെ സവിശേതയായ ബട്ടർഫ്ലൈ ഡോറുകളും ബിബിൻ മികച്ച രീതിയിൽ കൊണ്ടുവന്നു. മാരുതി 800ന്റെ എഞ്ചിനാണ് അദ്ദേഹം വാഹനത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഇതിനു പുറമേ സ്വന്തമായി കസ്റ്റം എക്സ്ഹോസ്റ്റ് സിസ്റ്റവും ബിബിൻ നിർമിച്ചു. നോസ് ലിഫ്റ്റ് ഫീച്ചറാണ് ബിബിന്റെ ഹുറാക്കാനിലെ മറ്റൊരു സവിശേഷത.
80 ശതമാനത്തോളം നിർമാണം പൂർത്തിയാക്കിയിരിക്കുന്ന ഹുറാക്കാന് ബിബിൻ ഇതിനകം 1.5 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. കോസ്റ്റ് കട്ട് ചെയ്തിട്ടുള്ള നിർമാണമാണ് ഇതെന്ന് കാഴ്ചയിൽ പറയില്ലെന്ന് വാഹന വ്ലോഗർമാർ അടക്കം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഹോം ബിൽഡ് ഹുറാക്കാൻ പകർപ്പുകളിൽ ഒന്നായാണ് ബിബിന്റെ വാഹനം വിലയിരുത്തപ്പെടുന്നത്. കൂടുതൽ പിന്തുണയും ഫണ്ടും ലഭിക്കുന്നതിന് അനുസരിച്ച് കാർ പൂർത്തിയാക്കുകയാണ് ബിബിന്റെ ലക്ഷ്യം.
Bibin, a QA professional from Kerala, has hand-built a stunning Lamborghini Huracán replica using scrap materials and a Maruti 800 engine, spending ₹1.5 lakh over three years.