സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിൽ ഏറെക്കാലമായി നടത്തി വരുന്ന സാമൂഹിക-വികസന നിക്ഷേപങ്ങളുടെ പ്രതിഫലനമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിലൂടെ (KIF) വെളിവാകുന്നതെന്ന് കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് (KSPB) അംഗം മിനി സുകുമാർ (Mini Sukumar). പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും കെഐഎഫ് വേറിട്ടുനിൽക്കുന്നതായും ഫെസ്റ്റ് വൻ വിജയമാണെന്നും മിനി സുകുമാർ പറഞ്ഞു.
കെഐഎഫ് വേദിയിൽ വെളിവാകുന്ന ഊർജസ്വലത വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളുടെ ഫലമാണ്. നിരവധി മേഖലകളിൽ നടത്തിയ നിക്ഷേപങ്ങൾ വിജയമാണ് എന്നത് കെഐഫിലൂടെ ഒന്നുകൂടി ഉറപ്പിക്കുകയാണ്. കേരളത്തിന്റെ വികസനം ശ്രദ്ധ നൽകിയിരുന്നത് അടിസ്ഥാന കഴിവുകൾ മെച്ചപ്പെടുത്തുന്നതിലായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക തുടങ്ങിയവയിലായിരുന്നു പ്രധാന ശ്രദ്ധ. ആ സാമൂഹിക നിക്ഷേപങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് നമ്മളിന്ന് എത്തി നിൽക്കുന്നതെന്ന് മിനി സുകുമാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയെടുത്ത അടിസ്ഥാന കഴിവുകളെ കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ടെക്നോളജിക്കും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പുതിയ കാര്യങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്നതാണ് ഈ രണ്ടാം ഘട്ടം. പ്ലാനിങ് ബോർഡിന്റെ പ്രധാന ഊന്നൽ ഇത്തരം പദ്ധതികളെ സഹായിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും അവർ പറഞ്ഞു.
സാമ്പത്തിക രംഗത്തെ പൊതു-സ്വകാര്യ പങ്കാളികളെ കണക്കിലെടുത്തുകൊണ്ടുള്ള വികസന മാതൃക ഒരുക്കുകയാണ് പ്ലാനിങ് ബോർഡ്. അതിനായി ഫണ്ട് അലൊക്കേഷനിൽ നൂതന സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം കൊടുക്കുന്നു. കേരളത്തെ സംബന്ധിച്ച് കാർഷിക രംഗം വളരെ പ്രധാനപ്പെട്ട മേഖലയാണ്. കാർഷിക രംഗത്തെ വാല്യൂ ആഡഡ് ഉത്പന്നങ്ങൾക്കും പുതിയ തരത്തിലുള്ള പ്രവർത്തനങ്ങൾക്കും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഇതേ പ്രാധാന്യം തന്നെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കും നൽകുന്നതായി മിനി സുകുമാർ വ്യക്തമാക്കി.
കേരള ഇൻഡസ്ട്രീസ് ഡിപാർട്മെന്റിന്റെ ഭാഗമായും പ്രാദേശിക വികസനത്തിലും സ്റ്റാർട്ടപ്പുകളെ പരമാവധി ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് കേരള സ്റ്റാർട്ടപ്പ് വിഷനു കീഴിൽ പ്രത്യേക ഫണ്ട് നീക്കിവെയ്ക്കുന്നു. അതിൽത്തന്നെ സ്ത്രീകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾക്കും ഫണ്ടിങ്ങുകൾക്കും പ്ലാനിങ് ബോർഡ് ഊന്നൽ നൽകുന്നതായി മിനി സുകുമാർ പറഞ്ഞു.
KSPB’s Mini Sukumar states KIF reflects Kerala’s long-term social and developmental investments in the startup sector, hailing the festival as a huge success.