കേരള സ്റ്റാർട്ടപ്പ് മിഷനുമായി (KSUM) ചേർന്ന് സ്റ്റാർട്ടപ്പുകൾക്കായി ഇൻക്യുബേഷൻ സെൻറർ ആരംഭിക്കുമെന്ന് മലയാളിയുടെ പ്രിയതാരം നിവിൻ പോളി (Nivin Pauly). നല്ല മാർക്ക് വാങ്ങുന്ന കുട്ടികളെ സപ്പോർട്ട് ചെയ്യുന്ന പോലെത്തന്നെ നല്ല ആശയങ്ങൾക്കും പ്രോത്സാഹനം നൽകണമെന്നും ഇതാണ് ഇൻക്യുബേഷൻ സെൻററിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാർട്ടപ്പ് എന്നത് പണ്ട് മുതലേ ഉള്ള ആഗ്രഹമായിരുന്നു. കോളേജ് കാലം മുതൽ സ്റ്റാർട്ടപ്പ് ലോകത്തേക്ക് വരാൻ ശ്രമങ്ങൾ നടത്തി. എന്നാൽ ഒന്നും വിചാരിച്ച പോലെ നടന്നില്ല. സിനിമാ തിരക്കുകൾക്കിടയിലും ബിസിനസ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനിലെത്തി നിരവധി കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. അതാണ് ബിസിനസ് ലോകത്തേക്കുള്ള വരവിൽ വഴിത്തിരിവായതെന്ന് കൊച്ചിയിൽ നടന്ന കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൽ (KIF) സംസാരിവേ അദ്ദേഹം പറഞ്ഞു.

അത്തരം ചർച്ചകളുടെ ഫലമായാണ് കോളേജുകളിൽ ഹാക്കത്തോൺ നടത്താം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വിദ്യാർത്ഥികളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കുക എന്നതായിരുന്നു ലക്ഷ്യം. എഐയുമായി ബന്ധപ്പെട്ട ഹാക്കത്തോണിനെ കുറിച്ച് സ്റ്റാർട്ടപ്പ് മിഷനുമായി സംസാരിച്ചപ്പോൾ അവർ ഇക്കാര്യം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. അങ്ങനെയാണ് കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൻറെ ഭാഗമായി നടന്ന എഐ ഹാക്കത്തോണിൽ ഭാഗമാകുന്നത്. ഹാക്കത്തോണിനു വേണ്ട പൂർണ പിന്തുണ കെഎസ് യുഎമ്മിന്റേയും ഐടി മിഷന്റേയും ഭാഗത്തു നിന്നും ഉണ്ടായി-അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ്പുകളെ സപ്പോർട്ട് ചെയ്യുന്ന ഇൻക്യുബേഷൻ സെന്റർ കൊണ്ടുവരിക എന്നതാണ് ഭാവിലക്ഷ്യം. എഐ റെവല്യൂഷന്റെ കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിരവധി സൊല്യൂഷനുകൾ കൊണ്ടുവരാൻ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇൻഫോസിസിലാണ് കരിയർ ആരംഭിച്ചത്. ഇൻഫോസിസ് ചെയ്യുന്നതുപോലെ അധികം പ്രഷർ കൊടുക്കാതെ മികച്ച രീതിയിൽ ഇൻക്യുബേഷൻ സെന്റർ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമം. നല്ല മാർക്ക് വാങ്ങുന്ന കുട്ടികളെ സപ്പോർട്ട് ചെയ്യുന്ന പോലെത്തന്നെ നല്ല ആശയങ്ങൾക്കും പ്രോത്സാഹനം നൽകണമെന്നും പുതുതലമുറയുടെ ആശയങ്ങളും സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കാൻ കൂടെനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Actor Nivin Pauly partners with KSUM to open a startup incubation center, aiming to support new business ideas and young entrepreneurs in Kerala.