1000 ഇന്ത്യൻ രൂപയുണ്ടെങ്കിൽ ലക്ഷാധിപതിയാക്കാൻ സാധിക്കുന്ന കറൻസിയുള്ള രാജ്യങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂല്യം കുറഞ്ഞ കറൻസികളുടെ കാര്യത്തിൽ ഇത് സത്യമാണ്. ഇറാനിലെ ഔദ്യോഗിക കറൻസിയായ ഇറാനിയൻ റിയാൽ ഇത്തരത്തിലുള്ളതാണ്. 1000 ഇന്ത്യൻ രൂപ എന്നത് ഏകദേശം അഞ്ച് ലക്ഷം ഇറാനിയൻ റിയാലിന് തുല്യമാണ്, എന്നുവെച്ചാൽ ആയിരം രൂപയുമായി ചെന്നാൽ ഇറാനിൽ ലക്ഷപ്രഭുവാണ്!
നാണയപ്പെരുപ്പം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കറൻസി ഇടപാടുകൾ ലളിതമാക്കാനുമായി ഇറാൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയായ റിയാലിൽ നിന്ന് നാല് പൂജ്യങ്ങൾ ഒഴിവാക്കി പുതിയ കറൻസി യൂണിറ്റിലേക്ക് മാറുന്നതിന് അടക്കമുള്ള തീരുമാനങ്ങളാണ് ഇറാൻ സ്വീകരിച്ചത്. സാധാരണയായി, പണപ്പെരുപ്പം കാരണം കറൻസി മൂല്യം വേഗത്തിൽ നഷ്ടപ്പെടുന്ന രാജ്യങ്ങൾ സാമ്പത്തിക-വാണിജ്യ ഇടപാടുകൾ ലളിതമാക്കാനും ചിലവ് കുറയ്ക്കാനുമായി കറൻസികളിൽ നിന്ന് പൂജ്യങ്ങൾ വെട്ടിക്കുറയ്ക്കാറുണ്ട്.

ഔദ്യോഗിക കറൻസിയുടെ പുനർമൂല്യനിർണയത്തിന് ഇറാൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയിരുന്നു. പൂജ്യങ്ങൾ ഒഴിവാക്കിയ പുതിയ കറൻസി റിയാൽ എന്നു തന്നെയാണ് അറിയപ്പെടുക. പുതിയ കറൻസിയുടെ ഒരു യൂണിറ്റ് നിലവിലെ 10000 റിയാലിന് തുല്യമായിരിക്കും. ഇത്തരത്തിൽ കറൻസി പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമല്ല ഇറാൻ. തുർക്കി, റൊമാനിയ, സാംബിയ തുടങ്ങി നിരവധി രാജ്യങ്ങൾ കറൻസികളിൽ നിന്ന് മുൻപ് പൂജ്യങ്ങൾ കുറച്ചിട്ടുണ്ട്.
നിലവിൽ 10000 റിയാൽ ആണ് ഇറാനിൽ പ്രാഥമിക തുകയായി കണക്കാക്കുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം കൊണ്ടുവരാൻ പോകുന്നത്. 10,000 റിയാലിൽ നിന്ന് നാല് പൂജ്യം ഒഴിവാക്കുന്നതോടെ ഇത് ഒരു റിയാലായി മാറും. ഇതിന്റെ ഫലമായി ഏറ്റവും ചെറിയ തുക 10000 റിയാൽ എന്നതിൽ നിന്നും ഒരു റിയാൽ ആയി മാറും. ഇത് ജനങ്ങൾക്ക് കണക്കുകൂട്ടലുകൾ എളുപ്പത്തിലാക്കാൻ സഹായിക്കും. ബാങ്ക് നോട്ടുകളുടെ പ്രിന്റിങ് ചിലവ് കുറയ്ക്കാനും ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നു. നേരത്തെ കറൻസിയുടെ പേര് ടോമൻ എന്നാക്കി മാറ്റിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും കറൻസിയുടെ പേര് റിയാൽ എന്നു തന്നെ നിലനിർത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
With the Iranian Rial being one of the world’s weakest currencies, 1000 Indian Rupees can make you a millionaire in Iran. Learn more here.