ആപ്പിൾ ഐഫോൺ (Apple iPhone) ഘടകങ്ങളുടെ നിർമാണത്തിനും അസംബ്ലിങ്ങിനും പേരുകേട്ട കമ്പനിയാണ് തായ്വാനീസ് ടെക് ഭീമനായ ഫോക്സ്കോൺ (Foxconn). ഉപഭോക്തൃ ഇലക്ട്രോണിക്സിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഫോക്സ്കോൺ ഇപ്പോൾ. ക്ലൗഡ് കംപ്യൂട്ടിംഗ് മുതൽ ജനറേറ്റീവ് എഐ വരെയുള്ളവയ്ക്ക് കരുത്ത് പകരുന്ന എഐ സെർവറുകളുടെ നിർമാണമാണ് കമ്പനി ശക്തമാക്കുന്നത്.

എഐ ഇൻഫ്രാസ്ട്രക്ചറിന്റെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് കമ്പനിയുടെ സുപ്രധാന നീക്കം. ആപ്പിൾ വിതരണ ശൃംഖലയുടെ പര്യായപദമായി അറിയപ്പെടുന്ന ഫോക്സ്കോണിന് ചൈനയ്ക്കു പുറമേ ഇന്ത്യയിലും ഉത്പാദന കേന്ദ്രങ്ങളുണ്ട്. പ്രതിവർഷം കോടിക്കണക്കിന് ഐഫോണുകൾ നിർമിക്കുന്ന ഈ കമ്പനി ഇപ്പോൾ എഐ ഇൻഫ്രാസ്ട്രക്ചറിനുള്ള ആവശ്യകത പരിഗണിച്ച് കൃത്രിമ ബുദ്ധി, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്ക് ശക്തി പകരുന്ന ഉയർന്ന പ്രകടനമുള്ള സെർവറുകൾ നിർമിക്കുന്നതിനായി പ്രവർത്തനങ്ങൾ പുനഃസജ്ജീകരിക്കുകയാണ്. ഇതിനുപുറമേ ഇലക്ട്രിക് വാഹനങ്ങൾ, ഹ്യൂമനോയിഡ് റോബോട്ടുകൾ പോലുള്ള പുതിയ ഉൽപന്ന വിഭാഗങ്ങളിലും കമ്പനി സാന്നിധ്യം വിപുലീകരിക്കുന്നു.
Foxconn, the major iPhone manufacturer, is expanding its business to focus on the growing demand for high-performance AI servers, data centers, and more.