വമ്പൻ നിക്ഷേപവുമായി ഗൗതം അദാനിയുടെ (Gautam Adani) അദാനി ഗ്രൂപ്പ് കൊച്ചിയിലേക്ക്. കളമശേരിയിൽ 600 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന ലോജിസ്റ്റിക്സ് പാർക്കുമായാണ് അദാനി ഗ്രൂപ്പ് എത്തുന്നത്. എച്ച്എംടി ഇൻഡസ്ട്രിയൽ ഏരിയയിൽ 70 ഏക്കറിലുള്ള അദാനി ലോജിസ്റ്റിക്സ് പാർക്ക് (Adani Logistics Park) അദാനി പോർട്സിന്റെ (Adani Ports) ഉപസ്ഥാപനമായാണ് പ്രവർത്തിക്കുക.
കൊച്ചിയിൽ ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിലെ നിക്ഷേപ വാഗ്ദാനമാണ് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്. 15 ലക്ഷം ചതുരശ്ര അടിയിൽ നിഞമിക്കുന്ന് ലോജിസ്റ്റിക് പാർക്കിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകും. പാർക്ക് സജ്ജമാകുന്നതോടെ 1500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. വിവിധ കമ്പനികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ വെയർഹൗസുകളാണ് ലോജിസ്റ്റിക്സ് പാർക്കിലുണ്ടാവുക.

കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതുമായ പദ്ധതിയാണ് അദാനി ലോജിസ്റ്റിക്സ് പാർക്ക്. ദേശീയപാത 66ൽ നിന്ന് 6 കിലോമീറ്റർ, കൊച്ചി വിമാനത്താവളത്തിലേക്ക് 21 കിലോമീറ്റർ, റെയിൽവേ സ്റ്റേഷനിലേക്ക് 16 കിലോമീറ്റർ, തുറമുഖത്തേക്ക് 26 കിലോമീറ്റർ എന്നിങ്ങനെ തന്ത്രപ്രധാനമായ മേഖലയിലാണ് ലോജിസ്റ്റിക്സ് പാർക്ക് വരുന്നത്. ഇതിനുപുറമേ കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് (CSEZ) ലോജിസ്റ്റിക്സ് പാർക്കിൽ നിന്നും ആറ് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.
പദ്ധതിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അദാനി അഗ്രി ലോജിസ്റ്റിക്സ് ബിസിനസ് ഹെഡ് പങ്കജ് ഭരദ്വാജ്, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നേട്ടങ്ങളുടെ പുതിയ ആകാശങ്ങളിലേക്ക് കുതിക്കുന്ന കേരളത്തിനു കരുത്തു പകരുന്ന മറ്റൊരു പദ്ധതിക്കാണ് അദാനി ലോജിസ്റ്റിക്സ് പാർക്കിലൂടെ തുടക്കം കുറിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായിക വളർച്ചയുടെയും ആഗോള ബന്ധങ്ങളുടെയും പുതിയ അധ്യായമാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, സുസ്ഥിര വികസനത്തിനുള്ള സംവിധാനങ്ങൾ എന്നിവ ലോജിസ്റ്റിക് പാർക്കിലുണ്ടാകും. ഗതാഗതച്ചിലവ് കുറയ്ക്കുക, ഇ-കൊമേഴ്സ്, എഫ് എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളിലെ കയറ്റുമതി ശേഷി വർധിപ്പിക്കുക എന്നിവയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്താമാക്കി. സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള എപിഎസ്ഇഇസിന്റെ കാഴ്ചപ്പാടിനെ ലോജിസ്റ്റിക്സ് പാർക്ക് പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വളർച്ചയ്ക്കും പ്രാദേശിക പരിവർത്തനത്തിനും ഇത് ഉത്തേജകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുറമുഖ കേന്ദ്രീകൃത സംരംഭത്തിൽ നിന്ന് പൂർണമായും സംയോജിത ഗതാഗത, ലോജിസ്റ്റിക് ബിസിനസ്സിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ചുവടുവയ്പാണ് കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്ക് എന്ന് അശ്വനി ഗുപ്ത പറഞ്ഞു. ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ഉൽപാദനത്തേയും വളർച്ചയേയും പിന്തുണയ്ക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും അശ്വനി ഗുപ്ത കൂട്ടിച്ചേർത്തു.
Adani Group is investing ₹600 crore to build a logistics park in Kalamassery, Kochi, a project expected to create 1,500 jobs.