സോഫ്റ്റ്‌വേർ ആസ് എ സർവീസ് (SaaS) കമ്പനി ‘ഫ്രഷ് വർക്‌സി’ന്റെ (Freshworks) സ്ഥാപകൻ ഗിരീഷ് മാതൃഭൂതം (Girish Mathrubootham) കമ്പനി എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. യുഎസ് ഓഹരി വിപണി നാസ്ഡാക്കിൽ (Nasdaq) ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്ന് ഗിരീഷ് കഴിഞ്ഞ വർഷം പടിയിറങ്ങിയിരുന്നു.

ഡിസംബർ 1 മുതൽ ഫ്രഷ് വർക്‌സിന്റെ നിലവിലെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായ റോക്സാൻ ഓസ്റ്റിൻ (Roxanne Austin) പുതിയ ചെയർ ആയി സേവനമനുഷ്ഠിക്കുമെന്ന് കമ്പനി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഗിരീഷിന്റെ സംരംഭകത്വ ധൈര്യമാണ് കമ്പനിയുടെ രൂപീകരണത്തിലേക്ക് നയിച്ചതെന്നും, ഫ്രഷ്‌വർക്ക്‌സിലെ ഔദ്യോഗിക പദവിയിൽ നിന്ന് മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായും കമ്പനി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.