ടെക്നോപാര്‍ക്കിന്റെ ബ്രാന്‍ഡഡ് സാധനങ്ങളുമായി പുത്തൻ സംരംഭം ‘ദി സ്റ്റൈല്‍ എഡിറ്റ്’ ഓണസമ്മാനമായി കാമ്പസിനുള്ളിൽ പ്രവർത്തനം തുടങ്ങി. ടെക്നോപാര്‍ക്കിന്റെ ബ്രാന്‍ഡഡ്, കോ-ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ദി സ്റ്റൈല്‍ എഡിറ്റില്‍ ലഭ്യമാകും. ടെക്നോപാര്‍ക്ക് ഫേസ്-1 ലെ തേജസ്വിനി കെട്ടിടത്തില്‍ പ്രവേശനകവാട ലോബിയിലാണ് ‘ ദി സ്റ്റൈല്‍ എഡിറ്റ്’ പ്രവര്‍ത്തിക്കുക. ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. വസ്ത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ ഇവിടെ വില്പനയ്ക്കുണ്ട്. ടെക്നോപാര്‍ക്കിന്റെ ബ്രാന്‍ഡ് വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും ഐടി സമൂഹത്തിനിടയില്‍ ടെക്നോപാര്‍ക്കുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ടെക്നോപാര്‍ക്കിന്റെ 35-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ആരംഭിച്ച ഈ സംരംഭം ലക്ഷ്യമിടുന്നു.
‘ദി സ്റ്റൈല്‍ എഡിറ്റ്’ സ്റ്റോറും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും (https://thestyleedit.technopark.in) ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഉദ്ഘാടനം ചെയ്തു.
യൂഡെ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ‘ദി സ്റ്റൈല്‍ എഡിറ്റ്’ പ്രവര്‍ത്തിക്കുക. വിവിയൂഡേയുടെ ഐടി വിഭാഗമായ ഐഡൈനാമിക്സ് ലിമിറ്റഡും ബിറ്റ്സ്എന്‍പിക്സ് ടെക്നോളജീസും രണ്ട് പതിറ്റാണ്ടുകളായി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദി സ്റ്റൈല്‍ എഡിറ്റിലെ ഉത്പന്നങ്ങള്‍ ടെക്നോപാര്‍ക്ക് ബ്രാന്‍ഡിനെ അടയാളപ്പെടുത്തുന്നതാണെന്ന് മാര്‍ക്കറ്റിംഗ് വിഭാഗത്തെ അഭിനന്ദിച്ചുകൊണ്ട് ടെക്നോപാര്‍ക്ക് സിഇഒ പറഞ്ഞു. ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളെയും ഒരുമിച്ചു കൊണ്ടുവരാനും ടെക്കികള്‍ക്കിടയില്‍ അഭിമാനബോധം വളര്‍ത്താനും ഇത് സഹായകമാകും. ധാരാളം സുവനീറുകള്‍ക്കുള്ള ഉപാധിയായി ദി സ്റ്റൈല്‍ എഡിറ്റിലെ ഉത്പന്നങ്ങള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്കിന്റെ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കുന്നതിനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഐടി സമൂഹത്തിനിടയില്‍ സ്വത്വബോധം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ പറഞ്ഞു. സ്റ്റോറിലെ ഉല്പന്നങ്ങള് ടെക്കികള്‍ അഭിമാനത്തോടെയും ടെക്നോപാര്‍ക്കിന്റെ വേറിട്ട അടയാളത്തോടെയും കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. ടെക്നോപാര്‍ക്കിന്റെ 35-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്റ്റോര്‍ ആരംഭിക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദി സ്റ്റൈല്‍ എഡിറ്റ്’ സംരംഭത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് യൂഡെയുടെ പ്രതിനിധി നാഗരാജന് നടരാജന് പറഞ്ഞു. വ്യാപാരമേഖലയിലെ യൂഡെയുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി ടെക്നോപാര്‍ക്കിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. യൂഡെയുടെ ഐടി വിഭാഗമായ ഐഡൈനാമിക്സ് ലിമിറ്റഡും ബിറ്റ്സ്എന്‍പിക്സ് ടെക്നോളജീസും രണ്ട് പതിറ്റാണ്ടുകളായി ടെക്നോപാര്‍ക്ക് ആവാസവ്യവസ്ഥയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Technopark, in a new branding initiative, launches ‘The Style Edit’ store and online platform, offering branded merchandise to its community.