1961ലെ കേരള വന നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2025ലെ കരട് കേരള വന ഭേദഗതി ബില്ലിന് അംഗീകാരം നൽകി സംസ്ഥാനം. ഇതോടെ സ്വകാര്യ ഭൂമിയിൽ ചന്ദന മരങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് വനം വകുപ്പിന് കീഴിലുള്ള റജിസ്റ്റർ ചെയ്ത ഡിപ്പോകൾ വഴി അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കും. വിൽക്കുന്ന ചന്ദനത്തിന്റെ വില കർഷകന് ലഭ്യമാക്കുന്നതിലൂടെ സംസ്ഥാനത്ത് ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാൻ ബിൽ കാരണമാകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

ഒരു കിലോ ചന്ദനത്തിന്റെ നിലവിലെ വിപണി വില കുറഞ്ഞത് 4000 മുതൽ 7000 രൂപ വരെയാണ്. ചന്ദനത്തിന്റെ ഗുണനിലവാരം അനുസരിച്ച് വില വീണ്ടും വർധിക്കും. നിലവിൽ, സ്വന്തം ഭൂമിയിൽ നിന്ന് ചന്ദനം മോഷ്ടിക്കപ്പെട്ടാലും, ഭൂവുടമയ്‌ക്കെതിരെ നിയമപ്രകാരം കേസ് ഫയൽ ചെയ്യേണ്ടതുണ്ട്, ഇത് ആളുകളെ അവരുടെ സ്വത്തുക്കളിൽ ചന്ദനമരങ്ങൾ നടുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. ഇതുവരെയുള്ള നിയമമനുസരിച്ച്, ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായ ചന്ദനമരങ്ങളും മാത്രമേ മുറിക്കാൻ അനുവാദമുള്ളൂ. എന്നാലിപ്പോൾ സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ വനം വകുപ്പ് മുഖേന മുറിച്ച് വിൽപന നടത്തി അതിൻ്റെ വില കർഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് പുതിയ ബില്ലിലുള്ളത്.
Kerala approves a new bill to promote sandalwood cultivation on private land. Farmers can now sell their produce through registered forest depots.