യുഎസ് ഷോർട്ട്സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് (Hindenburg Research) ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ നിന്ന് അദാനി ഗ്രൂപ്പിനെയും (Adani Group) ചെയർമാൻ ഗൗതം അദാനിയെയും (Gautam Adani) മാർക്കറ്റ് റെഗുലേറ്റർ സെബി (Securities and Exchange Board of India-Sebi) കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും ഉപേക്ഷിച്ച സെബി അദാനി ഗ്രൂപ്പിന്റെയോ ഗൗതം അദാനിയുടെയോ ഭാഗത്തു യാതൊരു ലംഘനവുമില്ലെന്ന് ചൂണ്ടിക്കാട്ടി. ഹിൻഡൻബർഗ് ഉയർത്തിക്കൊണ്ടു വന്ന വഞ്ചനാപരവും പ്രേരിതവുമായ റിപ്പോർട്ട് കാരണം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ വേദന ആഴത്തിൽ മനസിലാക്കുന്നതായും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചവർ രാജ്യത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്നും ഗൗതം അദാനി പ്രതികരിച്ചു. അതേസമയം, സംഭവത്തെത്തുടർന്ന് അദാനി ടോട്ടൽ ഗ്യാസ്, അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്ട്സ്, അദാനി ഗ്രീൻ എനർജി തുടങ്ങിയ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ 10% വരെ നേട്ടമുണ്ടാക്കി.

ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, തെളിവുകൾ യാതൊന്നും തന്നെയില്ലെന്നും സെബി റിപ്പോർട്ട് വ്യക്തമാക്കുന്നു. വായ്പകൾ പലിശ സഹിതം തിരിച്ചടച്ചിരുന്നുവെന്നും ഫണ്ടുകൾ വകമാറ്റിയിട്ടില്ലെന്നും റിപ്പോർട്ട് വിലയിരുത്തി. അതുകൊണ്ടുതന്നെ സംഭവത്തിൽ വഞ്ചനയോ അന്യായമായ വ്യാപാര രീതിയോ ഇല്ലെന്നും ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും സെബി ഉപേക്ഷിക്കുകയായിരുന്നു. അദാനി ലിസ്റ്റുചെയ്ത കമ്പനികളിലേക്ക് ഫണ്ട് എത്തിക്കാൻ ബന്ധപ്പെട്ട കക്ഷികളെ ഉപയോഗിച്ചെ ആരോപണവും സെബി തള്ളിയിരിക്കുകയാണ്. സെബി അന്വേഷണം അനുകൂലമായത് ഗൗതം അദാനിക്ക് വലിയ ആശ്വാസമാണ്.
നേരത്തെ, അദാനി ഗ്രൂപ്പ് തങ്ങളുടെ ഇടപാടുകൾ മറച്ചുവെയ്ക്കാൻ മൂന്ന് സ്ഥാപനങ്ങൾ വഴി ഫണ്ട് വഴിതിരിച്ചുവിട്ടുവെന്ന ഹിൻഡൻബർഗ് റിസർച്ച് ആരോപണം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. 2021 ജനുവരിയിൽ, അഡികോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്ലിങ്ക്സ്, റെഹ്വാർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്കിടയിൽ കോടികളുടെ ഫണ്ട് വകമാറ്റാൻ ഗ്രൂപ്പ് ഉപയോഗിച്ചുവെന്നും ഇത് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചിച്ചുവെന്നുമായിരുന്നു ഹിൻഡൻബർഗ് ആരോപണം.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർ രാജ്യത്തോട് ക്ഷമ ചോദിക്കണമെന്ന് ഗൗതം അദാനി ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് ഉന്നയിച്ച അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി എപ്പോഴും വാദിച്ചിരുന്ന കാര്യം സമഗ്രമായ അന്വേഷണത്തിന് ശേഷം സെബി വീണ്ടും സ്ഥിരീകരിച്ചതായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എക്സിൽ പ്രതികരിച്ചു. സുതാര്യതയും സത്യസന്ധതയുമാണ് അദാനി ഗ്രൂപ്പിനെ എപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Market regulator SEBI has cleared the Adani Group and Gautam Adani of Hindenburg’s financial allegations, leading to a surge in stock prices.