ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ എലി ലില്ലി (Eli Lilly). പ്രാദേശിക മരുന്ന് നിർമ്മാതാക്കളുമായി സഹകരിച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കുന്നതിനായി രാജ്യത്ത് 1 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ആഗോളതലത്തിൽ ഉത്പാദന വിപുലീകരണം ശക്തിപ്പെടുത്തുന്നതിനായി വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം. ഒബീസിറ്റി, പ്രമേഹം, അൽഷിമേഴ്സ്, കാൻസർ, ഓട്ടോഇമ്മ്യൂൺ അവസ്ഥകൾ എന്നിവയ്ക്കുള്ള കമ്പനിയുടെ പ്രധാന മരുന്നുകളുടെ ലഭ്യത വർധിപ്പിക്കുകയാണ് ഈ സഹകരണങ്ങളുടെ ലക്ഷ്യമെന്ന് ലില്ലി ഇന്റർനാഷണലിന്റെ പ്രസിഡന്റ് പാട്രിക് ജോൺസൺ പറഞ്ഞു. ആഗോള ശൃംഖലയിലെ ക്യാപബിലിറ്റി ബിൽഡിങ്ങിനുള്ള പ്രധാന കേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 1 മുതൽ യുഎസ്സിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ്, പേറ്റന്റ് മരുന്നുകൾക്ക് ട്രംപ് ഭരണകൂടം 100% താരിഫ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യുഎസ്സിലെ ഉത്പാദന ശേഷി വർധിപ്പിക്കാനുള്ള നീക്കങ്ങൾക്കൊപ്പം ലില്ലിയുടെ ആഗോള-ഇന്ത്യൻ നിക്ഷേപ പദ്ധതികളും ശ്രദ്ധ നേടുന്നത്.
അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ഗുളിക പരീക്ഷണം വിജയമാണെന്ന് എലി ലില്ലി അടുത്തിടെ അവകാശപ്പെട്ടിരുന്നു. കമ്പനിയുടെ അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള മൗൻജാരോം ഇൻജക്ഷൻ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
us pharma giant eli lilly plans to invest over $1 billion (approx. Rs. 8800 crore) in india to boost manufacturing and supply of key drugs.