ആഗോള ടെക് ഭീമൻമാർക്ക് വീണ്ടും വെല്ലുവിളിയുയർത്തി ഇന്ത്യയുടെ സ്വന്തം സോഹോ (Zoho). ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ് (Google Workspace), മൈക്രോസോഫ്റ്റ് 365 (Microsoft 365) പോലുള്ളവയുമായി മത്സരിക്കാൻ രൂപകൽപന ചെയ്‌ത പുതിയ എഐ പവേർഡ് സഹകരണ പ്ലാറ്റ്‌ഫോമായ വാണിയുമായാണ് (Vani) സോഹോ കോംപറ്ററ്റീവ് വർക്സ്പേസ് വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. സോഹോയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ അറട്ടൈ (Arattai) 75 ലക്ഷം ഡൗൺലോഡുകളുമായി വൻ മുന്നേറ്റം സൃഷ്ടിക്കുന്നതിനിടയിലാണിത്.

നിരവധി വർഷത്തെ ഗവേഷണ വികസനത്തിന്റെ ഫലമാണ് വാണിയെന്ന് സോഹോ കോർപറേഷൻ സഹസ്ഥാപകൻ ശ്രീധർ വെമ്പു (Sridhar Vembu) പറഞ്ഞു. ഓൾ-ഇൻ-വൺ, വിഷ്വൽ-ഫസ്റ്റ് ഇന്റലിജന്റ് പ്ലാറ്റ്‌ഫോം എന്നാണ് ഉത്പന്നത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയോയിൽ അദ്ദേഹം വാണിക്ക് നൽകുന്ന വിശദീകരണം.
വർക്പ്ലേസ് കൊളോബറേഷനെ സർഗ്ഗാത്മകതയുമായി ചേർക്കുന്ന സമീപനമാണ് വാണിയുടെ സവിശേഷത. സ്റ്റാറ്റിക് ആപ്ലിക്കേഷനുകളിൽ നിന്ന് ടീമുകളെ ചലനാത്മകവും മൂല്യാധിഷ്ഠിതവുമായ വർക്ക്‌സ്‌പെയ്‌സുകളിലേക്ക് മാറ്റുന്നതിനുള്ള ഉപകരണമായാണ് വാണിയെ സോഹോ വിശേഷിപ്പിക്കുന്നത്. ബ്രെയിൻസ്റ്റോമിംഗ്, പ്ലാനിംഗ്, ഇന്നൊവേഷൻ എന്നിവ ഒരൊറ്റ ക്യാൻവാസിലേക്ക് കൊണ്ടുവന്ന് വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കുക എന്നതാണ് വാണിയിലൂടെ ലക്ഷ്യമിടുന്നത്.
വൈറ്റ്ബോർഡുകൾ, ഫ്ലോചാർട്ടുകൾ, ഡയഗ്രമുകൾ, മൈൻഡ് മാപ്പിംഗ്, വീഡിയോ കോളിംഗ് എന്നിവയ്ക്കുള്ള ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ഒരു ഉപയോക്താവിന്റെ ഡെസ്ക്ടോപ്പ്, ക്ലൗഡ് ഡ്രൈവുകൾ, സ്പ്രെഡ്ഷീറ്റുകൾ എന്നിവയിൽ നിന്നുള്ള നിലവിലുള്ള ഡാറ്റയുമായി സംയോജിപ്പിച്ചിരിക്കുന്നു.
ടീമിന്റെ കാര്യക്ഷമതയും ശ്രദ്ധയും വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന സ്‌പെയ്‌സ് ആൻഡ് സോൺ മോഡൽ, ടെംപ്ലേറ്റുകളും കിറ്റുകളും, മൈൻഡ് മാപ്പിംഗ് ഉപകരണങ്ങൾ, എഐ കഴിവുകൾ എന്നിങ്ങനെ നിരവധി നൂതന സവിശേഷതകളാണ് വാണിക്കുള്ളത്.
zoho enters the competitive workspace market with vani, an ai-powered collaboration platform designed to compete with google workspace and microsoft 365.
