32000 അടി ഉയരത്തിൽ നിന്ന് വിജയകരമായി കോംബാറ്റ് ഫ്രീ-ഫാൾ ജമ്പ് നടത്തി ഡിആർഡിഒ (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം (MCPS). വിജയകരമായ പ്രകടനത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒ, സായുധ സേന തുടങ്ങിയവയെ അഭിനന്ദിച്ചു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയിലെ സുപ്രധാന നാഴികക്കല്ലെന്നാണ് നേട്ടത്തെ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ ടെസ്റ്റ് ജമ്പർമാരാണ് ജമ്പ് നടത്തിയത്. തദ്ദേശീയ സംവിധാനത്തിന്റെ കാര്യക്ഷമത, വിശ്വാസ്യത, നൂതന രൂപകൽപന എന്നിവ പ്രകടമാക്കുന്നതാണ് ടെസ്റ്റ് ജമ്പെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ നേട്ടം എംസിപിഎസിനെ നിലവിൽ ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനക്ഷമമായ ഉപയോഗത്തിലുള്ള ഏക പാരച്യൂട്ട് സംവിധാനമാക്കി മാറ്റുന്നതായും ഇവ 25000 അടിക്ക് മുകളിൽ വിന്യസിക്കാനാകുമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആഗ്രയിലെ ഏരിയൽ ഡെലിവെറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ബെംഗളൂരു ഡിഫൻസ് ബയോ എഞ്ചിനീയറിംഗ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറിയും ചേർന്നാണ് എംസിപിഎസ് വികസിപ്പിച്ചെടുത്തത്.
made-in-india combat parachute system (mcps), developed by drdo, successfully conducted a free-fall jump from 32000 feet, boosting india’s defence capability.