ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിൻ കോച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) ജൂലൈ മാസത്തിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യ നിലവിൽ 1200 എച്ച്പി ശേഷിയുള്ള ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുകയാണെന്നും ഇത് ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യയിൽ ആഗോള തലത്തിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കുമെന്നും ഹൈഡ്രജൻ ട്രെയിൻ കോച്ചിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യയുടെ സുസ്ഥിര ഗതാഗത യാത്രയിലെ നാഴികക്കല്ലാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ റെയിൽവേയുടെ ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് സംരംഭത്തിന്റെ ഭാഗമായാണ് നവീകരണം. 2030ഓടെ നെറ്റ്-സീറോ കാർബൺ എമിഷൻസ് കൈവരിക്കുക എന്ന ലക്ഷ്യവുമായി യോജിക്കുന്നതാണ് പദ്ധതി. ഹൈഡ്രജൻ ഊർജം റെയിൽ ഗതാഗതത്തിനായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കും ഇതോടെ ഇന്ത്യ ഇടംപിടിക്കുന്നു. പദ്ധതി ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ സാങ്കേതികവിദ്യയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹൈഡ്രജൻ ഫോർ ഹെറിറ്റേജിനു കീഴിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ ട്രെയിനിനും ഏകദേശം 80 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്. ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിൽ നിന്നും ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളിലേക്ക് മാറ്റുന്നതിനുള്ള 111.83 കോടി രൂപയുടെ പൈലറ്റ് പ്രൊജക്ടും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഹൈഡ്രജൻ ട്രെയിനുകളുടെ പ്രാരംഭ പ്രവർത്തനച്ചിലവ് കൂടുതലാണെങ്കിലും, കാലക്രമേണ ഇത് കുറയുമെന്നാണ് വിലയിരുത്തൽ.
india’s first hydrogen train coach successfully tested at icf chennai, boosting sustainable transport and ‘hydrogen for heritage’ initiative.