കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ പുതിയ ഭക്ഷണമെനു. കഴിഞ്ഞ ദിവസം മുതൽ വിതരണം ചെയ്തു തുടങ്ങിയ ഭക്ഷണത്തിന്റെ നിലവാരത്തിൽ യാത്രക്കാർ സംതൃപ്തി രേഖപ്പെടുത്തി. മുൻപ് നൽകിയിരുന്ന ഉത്തരേന്ത്യൻ മെനു ഒഴിവാക്കി പൂർണമായും കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ മെനു.

പരിപ്പ് വെച്ചുള്ള കൂടുതൽ കേരള സ്റ്റൈൽ കറികൾക്കൊപ്പം ആലപ്പി വെജ് കറി, തൈര്, പാലട പായസം എന്നിവയും വെജിറ്റേറിയൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോൺ വെജ് വിഭാഗത്തിൽ ചിക്കൻ കറിയാണ് വിതരണം ചെയ്യുന്നത്. വറുത്തരച്ച ചിക്കൻ കറി, കേരള ചിക്കൻ കറി, കേരള സ്റ്റൈൽ ചിക്കൻ റോസ്റ്റ്, നാടൻ കോഴിക്കറി തുടങ്ങിയവ നൽകും. മലബാർ ചിക്കൻ ബിരിയാണിയും പുതിയ മെനുവിൽ ഇടംപിടിച്ചു. ലഘുഭക്ഷണത്തിൽ ഉള്ളിവട, പരിപ്പ് വട, ഉണ്ണിയപ്പം തുടങ്ങിയവ ലഭിക്കും.
ഐആർസിടിസി സൂപ്പർവൈസർമാർ യാത്രക്കാരിൽ നിന്ന് നേരിട്ട് അഭിപ്രായം ശേഖരിച്ചതിൽ ഭക്ഷണം മെച്ചപ്പെട്ടുവെന്ന വിലയിരുത്തലാണ് ലഭിച്ചത്. നിലവാരം തുടർന്നും ഉറപ്പാക്കാനുള്ള നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇടയ്ക്കിടെ വിഭവങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ കൃത്യമായ പരിശോധനകൾ ശക്തിപ്പെടുത്തണമെന്നും അഭിപ്രായമുയർന്നു.
vande bharat trains in kerala introduce a new menu featuring local delicacies like chicken curry and palada payasam, earning passenger satisfaction.