വിദേശനയം പുനർനിർവചിക്കുന്നതിനുള്ള ശ്രമത്തിലാണ് കാനഡ. യുഎസ്സിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പുതിയ വിപണികൾ തേടുന്നതിനുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കും. വാണിജ്യ ചർച്ചകൾ നിർത്തിവെച്ച അമേരിക്കൻ നയത്തിനു മറുപടിയായാണ് കാനഡയുടെ നീക്കം. ഏഷ്യയിലെ വൻ സാമ്പത്തിക ശക്തികളുമായി ദൃഢബന്ധം സ്ഥാപിക്കുമെന്ന് കാർണി വ്യക്തമാക്കി. ഏഷ്യൻ ജയന്റ്സുമായി സഹകരണം മുന്നോട്ടുകൊണ്ടുപോകുമെന്ന കൃത്യമായ മുന്നറിയിപ്പാണ് കാനഡ യുഎസ്സിനു നൽകുന്നത്. ലോകത്തിലെതന്നെ അതിവേഗത്തിൽ വളരുന്ന സമ്പത് വ്യവസ്ഥകളായ ചൈനയും ഇന്ത്യയുമായി അടക്കം സഹകരണം കൊണ്ടുവരാനാണ് കാർണിയുടെ ശ്രമമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാർണിയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സമീപഭാവിയിൽത്തന്നെ ഇതിനു സാധ്യതയുള്ളതായി വിദേശകാര്യ വിദഗ്ധർ പ്രവചിക്കുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് യുഎസ് സ്റ്റീലിന്റെയും അലൂമിനിയത്തിന്റേയും വ്യാപാരം അടക്കമുള്ള ചർച്ചകൾ നിർത്തിവെച്ചത്. മുൻ യുഎസ് പ്രസിഡൻ്റ് റൊണാൾഡ് റീഗൻ്റെ പ്രഭാഷണത്തിലെ താരിഫിനെതിരായ വാക്കുകൾ, കാനേഡിയൻ ടെലിവിഷൻ പരസ്യത്തിൽ ഉപയോഗിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. തുടർന്നാണ് വ്യാപാര, സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മാർക്ക് കാർണി ഏഷ്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം ആരംഭിച്ചിരിക്കുന്നത്. വ്യാപാരയുദ്ധം കാരണം മുമ്പ് വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കാർണിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്രയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയടക്കം ഉണ്ടായേക്കാം എന്നും റിപ്പോർട്ടുണ്ട്.
അടുത്ത വർഷം കയറ്റുമതി ചെയ്യുന്ന 95% വരെ ഉത്പന്നങ്ങൾക്ക് തീരുവ രഹിത പ്രവേശനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ കാനഡ ഇന്തോനേഷ്യയുമായി വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനുപുറമേ ഫിലിപ്പീൻസ്, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുമായുള്ള കരാറുകളാണ് കാനഡ ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് വ്യാപാര മന്ത്രി മനീന്ദർ സിദ്ധുവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ക്വാലാലംപൂരിൽ നടക്കുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് ഉച്ചകോടിയിൽ കാർണി പങ്കെടുക്കും. മീറ്റിംഗുകൾക്കായി സിംഗപ്പൂർ സന്ദർശിക്കുന്നതിനൊപ്പം ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. യൂറോപ്പിനേയും യുഎസ്സിനേയും അപേക്ഷിച്ച് ഏഷ്യയിൽ കാനഡയ്ക്ക് വളരെ വലിയ ബിസിനസ് അവസരങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.
canada, facing a trade row with the us, is pivoting to asia to diversify markets and reduce us reliance, seeking cooperation with giants like china and india.
