പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കറുടെ ഹാക്കിങ്ങിൽ പൊലീസ് അടക്കം ഞെട്ടിയതായാണ് റിപ്പോർട്ട്. ഹൈദരാബാദിലുള്ള സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ ഏജൻറായി പ്രവർത്തിച്ച 23 കാരനായ ജോയൽ ഫോൺവിളി രേഖകളും ലൊക്കേഷനും അടക്കം എല്ലാം ചോർത്തുന്ന വിരുതനാണ്. പണം നൽകി കമിതാക്കളും ഇയാളുടെ ഹാക്കിംഗ് വിദ്യ ഉപയോഗിച്ചിട്ടുണ്ട്. പ്രായം വെറും 23 ആണെങ്കിലും ജോയലിൻറെ ചോർത്തൽ ടെക്നിക്കുകൾക്ക് മുന്നിൽ ഹാക്കിംഗ് മേഖലയിൽ വമ്പന്മാരും ഞെട്ടുമെന്നാണ് പൊലീസ് പറയുന്നത്. ഒരു ഫോൺ നമ്പർ നൽകിയാൽ അതിവേഗത്തിൽ ഫോൺവിളി രേഖകൾ ചോർത്തി നൽകും. ലൊക്കേഷനും രഹസ്യ പാസ് വേർഡ് അടക്കം എല്ലാം ജോയൽ ചോർത്തും.

ഇൻസ്റ്റാഗ്രാം അടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ഹാക്കിങ് സംബന്ധിച്ച പരസ്യം നൽകും. ആവശ്യക്കാർ ജോയലിനെ സമീപിക്കും. വേണ്ടതെല്ലാം ചോർത്തി നൽകും. സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇത്തരത്തിൽ നിരവധി ഹാക്കിങ് നടത്തി മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ യുവാവ് അകപ്പെട്ടത്. അങ്ങനെ പത്തനംതിട്ട പൊലീസിലേക്ക് വിവരം എത്തി. തുടർന്നാണ് പൊലീസ് ജോയലിനെ പിടികൂടിയത്.
പോലീസ് നൽകിയ വിവരങ്ങൾ അനുസരിച്ച്, 2025 ഫെബ്രുവരി മുതൽ, പണം സമ്പാദിക്കാനെന്ന ഉദ്ദേശത്തോടെ ഇയാൾ കമ്പ്യൂട്ടർ സുരക്ഷാ നിയമങ്ങൾ ലംഘിച്ചും, കമ്പ്യൂട്ടർ സിസ്റ്റങ്ങളും വെബ്സൈറ്റുകളും ഹാക്ക് ചെയ്തും, ചില വ്യക്തികളുടെ ലൈവ് ലൊക്കേഷൻ, കോൾ ഡാറ്റ റെക്കോർഡ് (CDR) തുടങ്ങിയവ അനധികൃതമായി സമാഹരിച്ചു വാണിജ്യലാഭത്തിനായി പ്രചരിപ്പിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. ഇതനുസരിച്ച് ഐടി നിയമത്തിലെ വകുപ്പുകൾ 43, 66, 72 പ്രകാരമാണ് കേസെടുത്തിരിക്കുന്നത് —അനധികൃത ഡാറ്റ ആക്സസ്, കമ്പ്യൂട്ടർ സംബന്ധമായ കുറ്റങ്ങൾ, രഹസ്യവിവരങ്ങളുടെ വെളിപ്പെടുത്തൽ എന്നിവയാണ് ചുമത്തപ്പെട്ട പ്രധാന കുറ്റങ്ങൾ.
സിഡിആർ എന്നത് ആരാണ് ആരെ വിളിച്ചത്, എപ്പോഴാണ്, എത്രനേരം, ഏത് സെൽ ടവറിലൂടെയാണെന്നതൊക്കെ രേഖപ്പെടുത്തുന്ന മെറ്റാ ഡാറ്റയാണ്. ഇതിൽ കോൾ ഓഡിയോ ഉൾപ്പെടില്ല. ലൈവ് ലൊക്കേഷൻ എന്നു പറയുന്നത് ഫോണിന്റെ ജിപിഎസ് വിവരമല്ല, മറിച്ച് നെറ്റ്വർക്ക് അടിസ്ഥാനത്തിലുള്ള സെൽ ടവർ വിവരങ്ങളാണ്. ഇവ നിയമപരമായി ലഭ്യമാക്കാൻ കഴിയുന്നത് നിയമം നടപ്പാക്കുന്ന ഏജൻസികൾക്കും ടെലികോം ഓപ്പറേറ്റർമാർക്കും മാത്രമാണ്. പോലീസ് അന്വേഷണ സംഘം ജോയലിനോട് ഉപയോഗിച്ച ടൂളുകളും വെബ്സൈറ്റുകളും സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ഹാക്കിങ് എന്ന പദം പൊതുവെ ഉന്നത സാങ്കേതിക സൈബർ ആക്രമണങ്ങൾക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യൻ ഐടി നിയമപ്രകാരം, പാസ്വേർഡ് ദുരുപയോഗം, സോഷ്യൽ എഞ്ചിനീയറിങ്, അല്ലെങ്കിൽ അനധികൃത ഓൺലൈൻ സേവനങ്ങൾ വഴിയുള്ള ഡാറ്റ ആക്സസ് എന്നിവയും ഹാക്കിങ് / കമ്പ്യൂട്ടർ കുറ്റങ്ങൾ എന്ന വിഭാഗത്തിൽവരും. അതുകൊണ്ടുതന്നെ നിയമപരമായി ഇയാൾ ഹാക്കർ ആണെങ്കിലും സാങ്കേതികപരമായി നോക്കുമ്പോൾ ഇത് യഥാർത്ഥ ഹാക്കിങ് അല്ലെന്ന് ചില സൈബർ വിദഗ്ധർ പറയുന്നു.
23-year-old Joel from Pathanamthitta was arrested for illegally accessing Call Data Records (CDR) and live location data for commercial gain. Police investigation is underway, with charges filed under IT Act Sections 43, 66, and 72.
