ലോകകപ്പ് നേട്ടത്തോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ മഹത്വമുയർന്നിരിക്കുകയാണ്. ഇതോടൊപ്പം ടീമിന്റെ ബ്രാൻഡ് മൂല്യവും കുതിച്ചുയർന്നതായി റിപ്പോർട്ട്. ലോകകപ്പ് നേടിയതിനുശേഷം വനിതാ താരങ്ങളുടെ എൻഡോഴ്‌സ്‌മെന്റ് ഫീസ് ഗണ്യമായി വർധിച്ചതായും അവരുമായി ഒപ്പിടാൻ ബ്രാൻഡുകൾ മത്സരിക്കുന്നതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, ഷെഫാലി വർമ തുടങ്ങിയ താരങ്ങൾ ഇപ്പോൾ മുൻനിര പുരുഷ അത്‌ലറ്റുകൾക്ക് തുല്യമായ ഫീസ് വാങ്ങുന്നതായും ഈ വിജയം ടീമിന് മഹത്വം മാത്രമല്ല, വലിയ വാണിജ്യ അവസരങ്ങളും കൊണ്ടുവന്നതുമായുമാണ് റിപ്പോർട്ട്. ലോകകപ്പ് നേട്ടത്തോടെ വനിതാ താരങ്ങളുടെ ബ്രാൻഡ് മൂല്യം 25 ശതമാനം മുതൽ 100 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നവി മുംബൈയിൽ, ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ലോകകപ്പ് നേട്ടം. അതേസമയം, ഇന്ത്യയുടെ ആദ്യ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു. ഭാവിയിലെ ചാമ്പ്യന്മാരെ കായികരംഗത്തേക്ക് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന ചരിത്രപരമായ വിജയം എന്നാണ് മോഡി നേട്ടത്തെ വിശേഷിപ്പിച്ചത്. “ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ ഇന്ത്യൻ ടീമിന്റെ അത്ഭുതകരമായ വിജയം. ഫൈനലിലെ അവരുടെ പ്രകടനം മികച്ച കഴിവും ആത്മവിശ്വാസവും കൊണ്ട് ശ്രദ്ധേയമായി,”-അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ ടീം വർക്കും സ്ഥിരോത്സാഹവും പ്രകടിപ്പിച്ചു. കളിക്കാർക്ക് അഭിനന്ദനങ്ങൾ. ഈ ചരിത്ര വിജയം ഭാവി ചാമ്പ്യൻമാരെ കായികരംഗത്തേക്ക് കൊണ്ടുപോകാൻ പ്രേരിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Following their historic ICC Women’s Cricket World Cup victory, the Indian team’s brand value has soared. Player endorsement fees have increased significantly, with brands competing to sign top athletes like Mandhana and Harmanpreet.
