യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി ഏകദേശം 65400 കോടി രൂപയുടെ (7.44 ബില്യൺ ഡോളർ) വൻ നിക്ഷേപവുമായി ഇന്ത്യ. പ്രതിരോധത്തിന്റെ ഏറ്റവും നിർണായക മേഖലകളിലൊന്നായ എയർക്രാഫ്റ്റ് പ്രൊപ്പൽഷനിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അടുത്ത തലമുറ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് ശക്തി പകരാൻ കഴിയുന്ന എഞ്ചിനുകൾ നിർമിക്കുന്നതിനുമുള്ള ശക്തമായ ചുവടുവെയ്പ്പാണ് ഈ പദ്ധതി. നൂതനമായ തേജസ് എംകെ2 മുതൽ സ്റ്റെൽത്തി എഎംസിഎ വരെയും, നവീകരിച്ച യുദ്ധവിമാനങ്ങൾ മുതൽ ആളില്ലാ വിമാനങ്ങൾ വരെയും, അടുത്ത ദശകത്തിനുള്ളിൽ ഏകദേശം 1,100 എഞ്ചിനുകൾ നിർമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു.
ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന തദ്ദേശീയ എഞ്ചിനുകൾ നിർമിക്കുക എന്ന ദൗത്യത്തിന് ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ എസ്.വി. രമണ മൂർത്തിയാണ് നേതൃത്വം നൽകുന്നത്. സർക്കാർ ഗവേഷണം, സ്വകാര്യ വ്യവസായം, ആഗോള പങ്കാളിത്തം എന്നിവ ഉൾപ്പെടുന്ന ശക്തമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയും (IAF) ഈ പരിവർത്തനത്തിനായി തയ്യാറെടുക്കുകയാണ്. 2035 ആകുമ്പോഴേക്കും ഏകദേശം 450 പുതിയ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് സ്ക്വാഡ്രണുകളുടെ എണ്ണം 42 ആയി വർധിപ്പിക്കാനാണ് വ്യോമസേന ലക്ഷ്യമിടുന്നത് – അവയിൽ പലതും ഉടൻ തന്നെ ഇന്ത്യയിൽ നിർമിച്ച എഞ്ചിനുകളിൽ പറക്കാൻ സാധ്യതയുണ്ട്.
India commits ₹65,400 crore to achieve self-reliance in aircraft propulsion by 2035. The ambitious project aims to manufacture around 1,100 indigenous engines for next-gen fighters like AMCA and Tejas MK2.
