പാർക്കിംഗ് വെല്ലുവിളികൾക്ക് എഐ പരിഹാരവുമായി കൊച്ചി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML) നഗരത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് പാർക്കിംഗ് സംവിധാനം അവതരിപ്പിച്ചതോടെയാണിത്.
നഗരത്തിലെ 30 പ്രധാന പാർക്കിംഗ് കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള സ്മാർട്ട് പാർക്കിംഗ് സംവിധാനമായ ‘പാർകൊച്ചി’ (ParKochi) ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കൊച്ചി കോർപറേഷൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി, എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവ കൈകാര്യം ചെയ്യുന്ന ഏകദേശം 2000 പാർക്കിംഗ് സ്ലോട്ടുകൾ പുതിയ സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
4.8 കോടി രൂപയുടെ പദ്ധതിച്ചിലവുള്ള സംരംഭം സിഎസ്എംഎല്ലിന്റെ സ്മാർട്ട് പാർക്കിംഗ് മാനേജ്മെന്റ് സൊല്യൂഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ആരംഭിച്ചത്. സ്മാർട്ട് സിറ്റിയുടെ ഇന്റഗ്രേറ്റഡ് കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻ സെന്റർ പ്രോജക്ടിന്റെ ഭാഗമായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. പാർകൊച്ചി പദ്ധതി കൊച്ചിയിൽ അച്ചടക്കമുള്ള പാർക്കിംഗ് സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ജിപിഎസ് പ്രാപ്തമാക്കിയ മോഡിൽ പ്രവർത്തിക്കുന്ന ‘പാർകൊച്ചി’ മൊബൈൽ ആപ്ലിക്കേഷൻ വഴി, യാത്രക്കാർക്ക് അടുത്തുള്ള സ്ഥലത്ത് പാർക്കിംഗ് സ്ഥലം കണ്ടെത്താൻ സാധിക്കും. ഉപയോക്താവിന്റെ ജിപിഎസ് ലൊക്കേഷന്‍ സമീപമുള്ള പാർക്കിംഗ് ഏരിയകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്നതിനൊപ്പം മറ്റ് പ്രദേശങ്ങളിൽ ലഭ്യമായ സ്ഥലങ്ങൾ തിരയാനും കഴിയും.
Cochin Smart Mission Ltd (CSML) introduces ‘ParKochi’, the city’s first AI-based smart parking system across 30 locations. The app helps users find available parking slots via GPS.
