അടുത്ത മാസം ന്യൂഡൽഹിയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഇന്ത്യയും റഷ്യയും തൊഴിലാളി മൊബിലിറ്റി സംബന്ധിച്ച പുതിയ കരാറിൽ ഒപ്പുവെക്കും. റഷ്യയിൽ വർധിച്ചുവരുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ കരാർ ലക്ഷ്യമിടുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വരും വർഷങ്ങളിൽ രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

രണ്ട് പ്രധാന റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാൽ അടുത്ത മാസം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയാമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇത്തരമൊരു വാർത്തയെന്നതാണ് ശ്രദ്ധേയം. ജനസംഖ്യാ കുറവ് നേരിടുന്ന റഷ്യ, തങ്ങളുടെ തൊഴിൽ ശക്തി വികസിപ്പിക്കാൻ തയ്യാറാണ്. നിലവിൽ, റഷ്യയിലെ ഇന്ത്യൻ തൊഴിലാളികൾ കൂടുതലും നിർമാണ, തുണിത്തരങ്ങളിലാണ് ജോലി ചെയ്യുന്നത്. എന്നാൽ യന്ത്രസാമഗ്രികളിലും ഇലക്ട്രോണിക്സിലും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യം വർധിച്ചുവരികയാണ്.
2025 അവസാനത്തോടെ, റഷ്യൻ തൊഴിൽ മന്ത്രാലയം നിശ്ചയിച്ച ക്വാട്ട പ്രകാരം 70000ത്തിലധികം ഇന്ത്യക്കാർ റഷ്യയിൽ ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി മോഡിയുമായുള്ള വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ഇതോടനുബന്ധിച്ച് കരാറിൽ ഒപ്പുവെയ്ക്കാനാണ് സാധ്യത.
അതേസമയം, ഇന്ത്യയുടെ തൊഴിൽ മന്ത്രി അടുത്തിടെ ദോഹയിൽ റഷ്യൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ തൊഴിലാളികളുടെ വിഷയം ചർച്ച ചെയ്തിരുന്നു. റഷ്യയിലെ വളർന്നുവരുന്ന ഇന്ത്യൻ സമൂഹം ഭാവിയിൽ ഇന്ത്യ-റഷ്യ ബന്ധങ്ങളുടെ പ്രധാന സ്തംഭമായി മാറുമെന്ന് വിദേശകാര്യ വിദഗ്ദ്ധർ പറയുന്നു.
| Russia plans a new labor mobility pact with India to protect worker rights and increase the number of Indian workers, addressing its labor shortage. The deal is expected during Putin’s December visit. |
