ഈ നൂറ്റാണ്ടിനെ നിർവചിക്കുന്ന ഇരട്ട ശക്തികളായ ക്ലീൻ എനെർജിയുടേയും കൃത്രിമബുദ്ധിയുടെയും സംഗമസ്ഥാനത്താണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. എഐ ഭാവി രൂപപ്പെടുത്താൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വരുന്ന അദാനി-ഗൂഗിൾ പങ്കാളിത്തം സഹായിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയെ ലോകത്തിലെ ഏറ്റവും സുസ്ഥിര ഇന്റലിജൻസ് കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ എഐ, ഡാറ്റാ സെന്റർ ഹബ് വിശാഖപട്ടണത്ത് വികസിപ്പിക്കുന്നതിനായി ഗൂഗിളും അദാനി ഗ്രൂപ്പും തമ്മിലുള്ള 15 ബില്യൺ ഡോളറിന്റെ പങ്കാളിത്തം ദേശീയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയിലെ അടിസ്ഥാനപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ഇത് വെറുമൊരു നിക്ഷേപമല്ല- ആഗോള എഐ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രത്തിൽ ഇന്ത്യയെ സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണ്-അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ കാമ്പസ് നിർമിക്കുന്നതിനായാണ് അദാനി എന്റർപ്രൈസസ്, അവരുടെ സംയുക്ത സംരംഭമായ അദാനി കോൺനെക്സിലൂടെ ഗൂഗിളുമായി കൈകോർക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, വിശാഖപട്ടണത്തുള്ള ഗൂഗിളിന്റെ എഐ ഹബ്ബിൽ 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 15 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് വരിക.
ഹരിത ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതും ശക്തമായ സബ് സീ കേബിൾ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതുമായ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ ഹബ്ബിൽ ഉൾപ്പെടും. ഇന്ത്യയിലുടനീളമുള്ള വിപുലമായ എഐ വർക്ക്ലോഡുകൾക്കും നവീകരണത്തിനും ഈ കാമ്പസ് നട്ടെല്ലായി പ്രവർത്തിക്കും.
അദാനികോൺഎക്സിനൊപ്പം എയർടെലുമായുള്ള സഹകരണത്തോടെയാണ് ഈ സംരംഭം വികസിപ്പിക്കുക. ഇന്ത്യയുടെ കമ്പ്യൂട്ടിംഗ് ശക്തി വർധിപ്പിക്കുന്നതിനും സാങ്കേതിക പരിവർത്തനത്തിന്റെ പുതിയ യുഗത്തെ പിന്തുണയ്ക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന എഐ ഡാറ്റാ സെന്ററായിരിക്കും ഇതിന്റെ കാതൽ. ആന്ധ്രാപ്രദേശിൽ ഉടനീളമുള്ള പുതിയ ട്രാൻസ്മിഷൻ ലൈനുകൾ, പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദനം, ഊർജ സംഭരണ സംവിധാനങ്ങൾ എന്നിവയിലെ നിക്ഷേപവും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഇന്ത്യയെ എഐ യുഗത്തിനായി ഒരുക്കുന്നതിനാണ് ഈ പങ്കാളിത്തമെന്ന് ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു. അദാനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ഗൂഗിളിന്റെ വിഭവങ്ങൾ സമൂഹങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കുമെന്നും ആഗോളതലത്തിൽ നവീകരണത്തിന് ആവശ്യമായ പ്രകടനം, സുരക്ഷ, സ്കേലബിളിറ്റി എന്നിവ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
AdaniConneX and Google Cloud are partnering to build India’s largest AI Data Centre campus and Green Energy infrastructure in Visakhapatnam, backed by a $15 billion investment
