ഇലക്ട്രിക്-റിക്ഷാ വിപണിയിൽ കരുത്താർജ്ജിക്കാൻ ബജാജ് ഓട്ടോ (Bajaj Auto). രാജ്യവ്യാപകമായി റിക്കി ഇ-റിക്ഷയും ഇ-കാർട്ടും പുറത്തിറക്കിയാണ് കമ്പനിയുടെ മുന്നേറ്റം. നേരത്തെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്.

ഇലക്ട്രിക് ത്രീ-വീലർ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കമെന്ന്ന ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് സമർദീപ് സുബന്ധ് വ്യക്തമാക്കി. അതിവേഗം വളരുന്ന ഇ-റിക്ഷാ വിപണിയിലേക്ക് കൂടുതൽ വിപുലമായ മുന്നേറ്റം നടത്തിക്കൊണ്ട് കമ്പനി ഇപ്പോൾ റിക്കി ശ്രേണി 25 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇ-റിക്ഷ വിഭാഗം പ്രതിമാസം 10,000–12,000 യൂണിറ്റുകളിൽ നിന്ന് ഏകദേശം 45,000 യൂണിറ്റുകളായി വളർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് മാസത്തിലാണ് റിക്കി (Riki) എന്ന പുതിയ ബ്രാൻഡുമായി ബജാജ് ഇലക്ട്രിക് മുച്ചക്ര വാഹന വിപണിയിലെത്തുന്നത്. കമ്പനിയുടെ പുതിയ പി 40 സീരീസിലെ ആദ്യ മോഡലായ ബജാജ് റിക്കി പി 4005, ₹1.91 ലക്ഷം (എക്സ്-ഷോറൂം) വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ 149 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഇത് ഈ രംഗത്തെ ഏറ്റവും ഉയർന്നതാണെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു. വെറും നാല് മണിക്കൂറിൽ ഫുൾ ചാർജ് ആകും എന്ന സവിശേഷതയുമുണ്ട്.
Bajaj Auto is expanding its Riki E-Rickshaw and E-Cart range nationwide. The Riki P 4005, priced at ₹1.91 Lakh (ex-showroom), offers a best-in-class 149 km range and achieves a full charge in just 4 hours.
