തമിഴ് സിനിമാ ചരിത്രത്തിൽ എംജിആർ-ശിവാജി, രജനി-കമൽ, വിജയ്-അജിത്ത് കാലത്തിനും മുൻപേ ആഘോഷിക്കപ്പെട്ട താര ജോഡിയായിരുന്നു എം.കെ. ത്യാഗരാജ ഭാഗവതർ – പി.യു. ചിന്നപ്പ എന്നിവർ. എംകെടിയെ തമിഴ് സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചപ്പോൾ പി.യു. ചിന്നപ്പ ‘ആദ്യ സൂപ്പർ ആക്ടറായാണ്’ കണക്കാക്കപ്പെടുന്നത്.

എന്നാൽ നാടകരംഗത്തുനിന്ന് സിനിമയിലെത്തി പിന്നീട് തമിഴകത്തെ മഹാനടനായി വാഴ്ത്തപ്പെട്ട പി.യു. ചിന്നപ്പയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ചർച്ചയാകുകയാണ്. പുതുക്കോട്ട സ്വദേശികളായ ലോകനാഥപ്പിള്ളയുടെയും മീനാക്ഷി അമ്മാളിന്റെയും മകനായി ജനിച്ച ചിന്നപ്പ അഞ്ചാം വയസ്സിൽ നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. ‘ചന്ദ്രകാന്ത’ എന്ന നാടകം സിനിമയാക്കിയപ്പോൾ അതിലെ സുണ്ടൂർ രാജകുമാരനായാണ് അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. പാടാനും അഭിനയിക്കാനും അതോടൊപ്പം സംഘട്ടനരംഗങ്ങളിൽ മികവ് പുലർത്താനും കഴിവുള്ള തമിഴ് സിനിമയിലെ ആദ്യ സകലകലാ നായകനായിരുന്നു ചിന്നപ്പ.
‘ഉത്തമപുത്രൻ’, ‘കണ്ണകി’, ‘ജഗതല പ്രതാപൻ’ തുടങ്ങിയ തുടർച്ചയായ സൂപ്പർഹിറ്റുകളിലൂടെ അദ്ദേഹം ശ്രദ്ധനേടി. ‘പൃഥ്വിരാജൻ’ എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച എ. ശകുന്തളയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സിനിമയിൽ കത്തിനിൽക്കുന്ന കാലയളവിൽ തനിക്കുണ്ടായ വരുമാനം കൊണ്ട് ചിന്നപ്പ സ്വന്തം നാടായ പുതുക്കോട്ടയിൽ 124 വീടുകളും 1000 ഏക്കർ സ്ഥലവും വാങ്ങിയിരുന്നു.
36ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം. എന്നാൽ അദ്ദേഹം കഷ്ടപ്പെട്ട് സമ്പാദിച്ച കോടികളുടെ സ്വത്തുക്കൾ കുടുംബത്തിന് നഷ്ടമാവുകയായിരുന്നു. ചിന്നപ്പയുടെ മരണശേഷം ഭാര്യ സ്വന്തം പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ വിറ്റ് ചെന്നൈയിലേക്ക് താമസം മാറ്റി. ചിന്നപ്പ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ വാങ്ങിയിരുന്ന സ്വത്തുക്കൾ കുടുംബത്തിന് തിരിച്ചുകിട്ടിയില്ല. പിന്നീട് കുടുംബം കടക്കെണിയിലായി.
PU Chinnappa, the first ‘Super Actor’ of Tamil cinema, amassed vast wealth including 1000 acres and 124 houses. After his sudden death at 36, his family lost the fortune and fell into debt.
