കപ്പൽശാല രംഗത്തും തുറമുഖ രംഗത്തുമായി കൊച്ചിക്ക് വൻ വികസന പദ്ധതികൾ വരുന്നു. മാരിടൈം അടിസ്ഥാന സൗകര്യ വികസനത്തിലുൾപ്പെടെ 10,000 കോടിയുടെ വികസനമാണ് വരാൻപോകുന്നത്. കൊച്ചി പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) എന്നിവയുടെ നേതൃത്വത്തിലുള്ള പ്രധാന വികസന പദ്ധതികളാണ് യാഥാർത്ഥ്യമാകുക. ഈ നിക്ഷേപം വരുന്നതോടെ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും, വലിയ കപ്പലുകൾ അടുപ്പിക്കാനും, കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി ശേഷി വർദ്ധിപ്പിക്കാനും കേരളത്തിന് കഴിയും. വല്ലാർപാടം ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിന്റെ കണ്ടെയ്‌നർ ശേഷി വർദ്ധിപ്പിക്കാനും പോർട്ടിന്റെ ആഴം കൂട്ടാനും കഴിയും. ടെർമിനലിന്റെ ശേഷി ഉയർത്താനായി ₹1,500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മദർഷിപ്പുകൾക്ക് അടുക്കാൻ കഴിയുന്ന തരത്തിൽ തുറമുഖത്തെ ആഴം കൂട്ടാൻ ₹800 കോടി ചെലവഴിക്കും. നിലവിലെ 14.5 മീറ്റർ ആഴം 16-16.5 മീറ്ററായി വർദ്ധിപ്പിക്കാൻ കൊച്ചി പോർട്ട് അതോറിറ്റി ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ₹3,800 കോടി ചെലവിൽ കപ്പൽ ഭാഗങ്ങൾ നിർമ്മിക്കാനുള്ള അത്യാധുനിക ഷിപ്പ് ബ്ലോക്ക് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കും. വില്ലിംഗ്ഡൺ ഐലൻഡിൽ ₹1,500 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കും.

ഇത് കൂടാതെ ക്രൂയിസ് ടൂറിസം വികസനത്തിനായി വില്ലിംഗ്ഡൺ ഐലൻഡിൽ ₹300 കോടി ചിലവഴിക്കും. ഗ്രീനിക്സ് എക്സ്പീരിയൻസുമായി സഹകരിച്ചാണ് ഈ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ വികസന പദ്ധതികൾ കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിൽ കൂടുതൽ ശക്തമായ സ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.
Kochi is set to receive ₹10,000 Crore for major Kochi maritime development projects led by CSL and Kochi Port Trust, focusing on capacity and international standards.
