ഇന്ത്യൻ നാവിക സേനയുടെ വീറും വാശിയും എടുത്തു കാട്ടുന്ന ഓപ്പറേഷണൽ പ്രകടനങ്ങൾക്കാണ് തിരുവനന്തപുരത്തെ ശംഖുമുഖം തീരം സാക്ഷിയായത്. ശംഖുമുഖത്തിന്റെ തന്ത്ര പ്രാധാന്യവും, നാവിക സുരക്ഷാ സാധ്യതകളും രാജ്യത്തിന് മുന്നിൽ വ്യക്തമാക്കുന്ന ഒന്നായി ഇന്ത്യയുടെ സർവ സൈന്യാധിപ ദ്രൗപതി മുർമുവിന് മുന്നിൽ നടന്ന ഈ പ്രകടനം.

ഇന്ത്യയുടെ പടക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ഉള്‍പ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ് തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കിയത്. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തും നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവും എടുത്തുകാട്ടി. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈന് വിമാനമായ പി8ഐ, മിഗ്, ഹോക്സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേര്‍ന്നാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കിയത്.
ആര്‍ത്തിരമ്പുന്ന കടല്പ്പരപ്പില് സെര്‍ച്ച് ആന്‍ഡ് സീഷര്‍ ഓപ്പറേഷന്, ഹെലികോപ്റ്റര്‍ വഴി കമാന്‍ഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന ഹെലികോപ്റ്റര്‍ ബോണ്‍ ഇന്‍സേര്‍ഷന്‍, രക്ഷാദൗത്യം എന്നിവയുടെ പ്രദര്‍ശനവും നടന്നു. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ മ്യൂസിക്കല്‍ ബാന്‍ഡും കണ്ടിന്യൂയിറ്റി ഡ്രില്ലും സീ കേഡറ്റുകള്‍ അവതരിപ്പിച്ച ഹോണ്‍ ആന്‍ഡ് പൈപ്പ് ഡാന്‍സും പരിപാടിയെ വ്യത്യസ്തമാക്കി. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ക്ക് പരിസമാപ്തിയായി തീരക്കടലില്‍ യുദ്ധക്കപ്പലുകള്‍ വൈദ്യുതി ദീപങ്ങളാല്‍ അലംകൃതമായി അണിനിരന്നു.
വൈകിട്ട് വിമാനത്താവളത്തില്‍ നിന്നും വേദിയിലെത്തിയ രാഷ്ട്രപതിക്ക് എം എച്ച് 60 ആര് ഹെലികോപ്റ്ററുകള്‍ സല്യൂട്ട് നല്കി. യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഇംഫാലും ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് കമാലും ഐഎന്‍എസ് കൊല്‍ക്കത്തയും ചേര്‍ന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു. പാരച്യൂട്ടില്‍ പറന്നിറങ്ങിയ മറൈന്‍ കമാന്‍ഡോകൾ രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. സേനയുടെ കരുത്തും പ്രവര്‍ത്തന മികവും വിളിച്ചോതുന്ന പോര്‍വിമാനങ്ങളുടേയും പടക്കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങള്‍ രാഷ്ട്രപതി വീക്ഷിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഠ്, ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്സേന, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവര്‍ പ്രകടനം വീക്ഷിക്കാനെത്തിയിരുന്നു.
The Indian Navy showcased its operational might with 19 naval assets, including INS Imphal, INS Vikrant (MiG take-off), and P8I aircraft, in a stunning display at Shanghumugham, Thiruvananthapuram, witnessed by President Droupadi Murmu.
