ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ കമ്പനിയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (IRCTC). ടിക്കറ്റ് ബുക്കിംഗ് (ഓൺലൈൻ, കൗണ്ടർ), ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും കാറ്ററിംഗ്, പാക്കേജ് ചെയ്ത കുടിവെള്ളം (Rail Neer), പ്രത്യേക ട്രെയിൻ പാക്കേജുകളും ലക്ഷ്വറി ട്രെയിനുകളും ഉൾപ്പെടുന്ന ടൂറിസം സേവനങ്ങൾ എന്നിവ ഐആർസിടിസി കൈകാര്യം ചെയ്യുന്നു. ഐആർസിടിസിയുടെ ഇന്റർനെറ്റ് ടിക്കറ്റ് വിഭാഗം കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രധാന ഭാഗമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ പുതിയ ത്രൈമാസഫലങ്ങൾ കാണിക്കുന്നത് ടിക്കറ്റ് വിറ്റുവരവ് ഐആർടിസിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് അല്ല എന്നതാണ്. Q2 FY26ൽ ഇന്റർനെറ്റ് ടിക്കറ്റ് ബിസിനസ് 385.87 കോടി വരുമാനം സൃഷ്ടിച്ചു. ഇത് കമ്പനിയുടെ മൊത്തം വരുമാനമായ 1,149.13 കോടിയുടെ ഏകദേശം 33 ശതമാനം മാത്രമാണ്.

കാറ്ററിംഗ് ഏറ്റവും വലിയ വരുമാനം സൃഷ്ടിക്കുന്ന വിഭാഗമായി തുടരുന്നു. 519.66 കോടി വരുമാനമാണ് കാറ്ററിംഗ് കൈവരിച്ചത്. ടിക്കറ്റ് വിറ്റുവരവിനേക്കാൾ ഏറെ കൂടുതലാണിത്. ഓൺ-ബോർഡ് ഭക്ഷണ സേവനങ്ങൾ, ഇ-കാറ്ററിംഗ്, പാൻട്രി കാർ പ്രവർത്തനങ്ങൾ, സ്റ്റേഷൻ-ബേസ്ഡ് ഔട്ട്ലെറ്റുകൾ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ എന്നിവയിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയാണിത്. ഇതിനുപുറമേ ടൂറിസം വരുമാനം 149.52 കോടി, റെയിൽ നീർ പാക്കേജ്‌ഡ് വെള്ളം 94.06 കോടി തുടങ്ങിയ മറ്റ് വിഭാഗങ്ങളും മൊത്തം വരുമാനത്തിൽ വലിയ സംഭാവന നൽകുന്നു. ഇത് ഐആർസിടിസിയുടെ വൈവിധ്യമാർന്ന ബിസിനസ് മോഡലിനെ പ്രതിഫലിപ്പിക്കുന്നു. ടിക്കറ്റ് വിറ്റുവരവ് കമ്പനി ഓൺലൈൻ പ്ലാറ്റ്ഫോം വഴി അവകാശപ്പെടുന്ന മോണോപോളി നിലയെ പിന്തുണയ്ക്കുന്നതിൽ അടക്കം നിർണായകമാണെങ്കിലും നിലവിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് കാറ്ററിംഗ് ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
IRCTC’s Q2 FY26 results reveal that the Catering business is the largest revenue source (₹519.66 Cr), significantly surpassing Internet Ticketing (₹385.87 Cr), highlighting a diverse business model.
