തെലങ്കാനയിൽ ലോകോത്തര നിലവാരമുള്ള ഫിലിം സ്റ്റുഡിയോ സ്ഥാപിക്കാൻ ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ. ഇതുമായി ബന്ധപ്പെട്ട് താരം തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കും. ഹൈദരാബാദിൽ അത്യാധുനിക ഫിലിം സ്റ്റുഡിയോയും ഫിലിം സിറ്റിയും വികസിപ്പിക്കുന്നതിനായി തെലങ്കാന സർക്കാരുമായി അദ്ദേഹം കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.

ഡിസംബർ 8, 9 തീയതികളിൽ ഭാരത് ഫ്യൂച്ചർ സിറ്റിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന ദ്വിദിന പരിപാടിയിലാണ് താരം പങ്കെടുക്കുക. തെലങ്കാനയുമായി സഹകരിച്ച് അത്യാധുനിക ചലച്ചിത്ര നിർമാണവും വിഎഫ്എക്സ് ക്യാപബിലിറ്റീസും കൊണ്ടുവരാൻ ഒരുങ്ങുന്ന നടനും നിർമാതാവുമായ അജയ് ദേവ്ഗണെ തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ലോകോത്തര നിർമാണം, വിഎഫ്എക്സ്, സ്മാർട്ട് സ്റ്റുഡിയോ എന്നിവ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന അത്യാധുനിക ഫിലിം സ്റ്റുഡിയോയും ഫിലിം സിറ്റിയും വികസിപ്പിക്കുന്നതിന് അദ്ദേഹം തെലങ്കാന സർക്കാരുമായി സഹകരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
അത്യാധുനിക ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് സ്മാർട്ട് സ്റ്റുഡിയോ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റുഡിയോ ഒരുക്കാനുള്ള തന്റെ കാഴ്ചപ്പാട് നേരത്തേ അജയ് ദേവ്ഗൺ തെലങ്കാന മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധമായി ചലച്ചിത്ര വ്യവസായത്തിന്റെ വിവിധ മേഖലകളിൽ കഴിവുള്ളവരെ വളർത്തിയെടുക്കുന്നതിനായി സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുമുണ്ട്.
| Bollywood star Ajay Devgn will sign an agreement with the Telangana government to develop a world-class Film Studio and Film City in Hyderabad, focusing on VFX and AI-powered smart studio facilities. |
