മദേഴ്സൺ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് സംരംഭമായ SAMRX, അദാനി പോർട്ട്സ് അനുബന്ധ സ്ഥാപനമായ ദിഗി പോർട്ട് ലിമിറ്റഡുമായി ചേർന്ന് മഹാരാഷ്ട്രയിലെ ദിഗി തുറമുഖത്ത് വാഹന കയറ്റുമതിക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. കൂട്ടുകെട്ടിലൂടെ മുംബൈ–പൂനെ ഓട്ടോമൊബൈൽ ബെൽറ്റിലെ വാഹന നിർമാതാക്കളുടെ പുതിയ കയറ്റുമതി കേന്ദ്രമായി ദിഗി തുറമുഖം മാറും. അദാനി പോർട്ട്സിന്റെ 15 പ്രധാന തുറമുഖങ്ങളിൽ ഒന്നായ ദിഗിക്ക് ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ വാഹന വ്യവസായ വികസനത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യാനുള്ള അധിക ശേഷിയും ഇതോടെ ലഭ്യമാകും.

ദിഗി തുറമുഖത്ത് മദേഴ്സണുമായുള്ള പങ്കാളിത്തം ഇന്ത്യൻ വാഹന ലോജിസ്റ്റിക്സിൽ വലിയ മാറ്റം സൃഷ്ടിക്കുന്ന നീക്കമാണെന്ന് അദാനി പോർട്ട്സ് സിഇഒ അശ്വനി ഗുപ്ത പറഞ്ഞു. ഇത് വ്യാപാര നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം വിതരണ ശൃംഖലയുടെ കാര്യക്ഷമത ഉയർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിഗി തുറമുഖത്ത് പുതിയ റോറോ (Roll-on/Roll-off) ടെർമിനൽ നിർമിക്കുന്നത് ഒഇഎം പങ്കാളികൾക്ക് ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ ലോജിസ്റ്റിക്‌സ് ലഭ്യമാക്കാൻ സഹായിക്കുമെന്നും പുതിയ റോറോ ടെർമിനൽ സമ്പൂർണ ഫിനിഷ്‌ഡ് വെഹിക്കിൾ (FV) ലോജിസ്റ്റിക്‌സ് കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും മദേഴ്സൺ ഗ്രൂപ്പ് വൈസ് ചെയർമാൻ ലക്ഷ് വാമൻ സേഘൽ പറഞ്ഞു. ഇത് ഇന്ത്യയുടെ വാഹന വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adani Ports and Motherson Group’s SAMRX have signed an agreement to develop a specialized RoRo terminal at Diggi Port, Maharashtra, boosting vehicle exports from the Mumbai-Pune auto manufacturing belt.
