ഐപിഒ പ്രവേശനത്തിലൂടെയും ഓഹരി വിപണിയിൽ 46% പ്രീമിയത്തിലൂടെയും ശ്രദ്ധ നേടുകയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho). വെറും പത്ത് വർഷം കൊണ്ട് 50,000 കോടി രൂപയോളം ബിസിനസ് നേടിയ വിജയയാത്രയാണ് മീഷോയുടേത്. മീഷോയുടെ വിജയവഴിയെ കുറിച്ചറിയാം. ബിസിനസ്സിലെ പണക്കണക്കിനൊപ്പം ഇന്ത്യയിലെ ഉൾപ്രദേശങ്ങളെ പോലും ഇ-കൊമേഴ്സിലൂടെ ശാക്തീകരിച്ച മഹാഗാഥ കൂടിയാണത്.

ഉത്തർപ്രദേശിലെ ടയർ 3 പട്ടണം സങ്കൽപിക്കുക. ചെറിയ സ്മാർട്ട്‌ഫോൺ സ്‌ക്രീനിൽ, ഒരു സ്ത്രീ സിനിമാ ടിക്കറ്റിനേക്കാൾ കുറഞ്ഞ വിലയുള്ള സാരികളുടെ കാറ്റലോഗ് സ്ക്രോൾ ചെയ്യുന്നു. അവൾ അവയിൽ രണ്ടെണ്ണം തിരഞ്ഞെടുത്ത് വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്ത് കാത്തിരിക്കുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഓർഡർ വരുന്നു. അവർക്ക് അത് വെറുമൊരു വിൽപനയല്ല, വരുമാന മാർഗമാണ്- അതോടൊപ്പം ഇന്ത്യയുടെ വിശാലമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രവേശനവും. ഇതാണ് മീഷോ നിർമിച്ച ശാക്തീകരണ ലോകം.
ഐഐടി ഡൽഹി ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും ചേർന്ന് 2015ലാണ് മീഷോ സ്ഥാപിച്ചത്. ഇന്നെത്തി നിൽക്കുന്ന ഇ-കൊമേഴ്‌സ് വർണപകിട്ടൊന്നും അന്നുണ്ടായിരുന്നില്ല. ഫാഷ്നിയർ എന്ന ഹൈപ്പർലോക്കൽ ഫാഷൻ ആപ്പ് ആയിരുന്നു മീഷോയുടെ ആദ്യ പതിപ്പ്. ഉപയോക്താക്കളെ അടുത്തുള്ള ഫാഷൻ റീട്ടെയിലർമാരുമായി ബന്ധിപ്പിക്കുന്നതിനായായിരുന്നു രൂപകൽപന. മീഷോയുടെ ആദ്യകാലത്തെക്കുറിച്ച് സ്ഥാപകൻ വിദിത് ആത്രേയുടെ വാക്കുകൾ ഇങ്ങനെ: മൂന്നോ നാലോ മാസമായി ഇത് പരീക്ഷിച്ചുനോക്കിയപ്പോൾ, ആളുകൾ ഭക്ഷണം വാങ്ങുന്നതുപോലെ ഫാഷൻ വാങ്ങില്ല എന്ന് മനസ്സിലായി. ആളുകൾ ധാരാളം സെലക്ഷൻ തേടുന്നു. അത് ചുറ്റുമുള്ള കുറച്ച് കടകളിൽ ലഭ്യമല്ല. ഇന്ത്യയിലെ ആളുകൾ ഓൺലൈനായി വാങ്ങുമ്പോൾ, പ്രത്യേകിച്ച് ഫാഷൻ, സീസൺ അവസാനിക്കുന്നതുവരെ ലഭ്യമല്ലാത്ത കിഴിവുകളാണ് അന്വേഷിക്കുക-ഇത് ആദ്യഘട്ടത്തിലെ പ്രധാന തിരിച്ചറിവായി മാറി, സ്ഥാപകർക്ക് ഒന്നിൽ നിന്ന് തുടങ്ങാനുള്ള കാരണമായി.
മാറ്റത്തിന്റെ തുടക്കമായി അത്. തങ്ങളുടെ സാമൂഹിക ചുറ്റുപാടുകളിൽ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ വസ്ത്രങ്ങൾ വിൽക്കുന്ന സ്ത്രീകളെയാണ് ഇരുവരും ആദ്യം ശ്രദ്ധിച്ചത്. ആ ഉൾക്കാഴ്ച വഴിത്തിരിവായി. ഫാഷ്‌നിയർ ‘മേരി ഷോപ്പ്’ എന്നതിന്റെ ചുരുക്കപ്പേരായി മീഷോ പിറന്നു. ആർക്കും നിക്ഷേപമില്ലാതെ ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ കഴിയുന്ന പ്ലാറ്റ്‌ഫോമായി കമ്പനി സ്വയം പുനർനിർവചിച്ചു. ഇൻവെന്റർ, സ്റ്റോർഫ്രണ്ട് തുടങ്ങിയവ ആവശ്യമില്ലാതെ ഒരു ഫോണും നെറ്റ്‌വർക്കും മാത്രം വെച്ച് ബിസിനസ് ലോകത്തേക്ക് ചെറുകിടക്കാർ എത്തി.
2016ൽ സിലിക്കൺ വാലി സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ വൈ കോമ്പിനേറ്ററിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മീഷോയുടെ വഴിത്തിരിവ് ആരംഭിക്കുന്നത്. മീഷോ അവരുടെ സമ്മർ ബാച്ചിൽ പ്രവേശിച്ച് സീഡ് ഫണ്ടിംഗിൽ $120,000 സമാഹരിച്ചു. 2019 ആയപ്പോഴേക്കും ഫേസ്ബുക്ക് മീഷോയിൽ 25 മില്യൺ ഡോളർ നിക്ഷേപിച്ചു. ട്രാക്സ്ൻ പ്രകാരം കമ്പനിയുടെ മൂല്യം 700 മില്യൺ ഡോളറായി ഉയർന്നു. 2024 ആയപ്പോഴേക്കും സീരീസ് എഫ് ഫണ്ടിംഗിൽ കമ്പനി $275 മില്യൺ സമാഹരിച്ചു. അപ്പോഴേക്കും മൂല്യം 3.9 ബില്യൺ ഡോളറിൽ എത്തിയിരുന്നു. ട്രാക്ക്സൺ ഡാറ്റ പ്രകാരം വെളിപ്പെടുത്താത്ത തുകയ്ക്ക് 2025ൽ ആണ് ഏറ്റവും പുതിയ ധനസഹായം.
ആമസോണും ഫ്ലിപ്കാർട്ടും പോലുള്ളവ നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കളെ പിന്തുടർന്നപ്പോൾ, മീഷോ ടയർ 2, ടയർ 3 വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഓൺലൈൻ ഷോപ്പിംഗിൽ പുതുമുഖങ്ങളായവരും പ്രാദേശിക ഭാഷകൾ മാത്രം സംസാരിക്കുന്നവരുമായ ഉപയോക്താക്കൾക്കായിരുന്നു മീഷോ പ്രാധാന്യം നൽകിയത്. ഇന്ന്, മീഷോയുടെ ഓർഡറുകളിൽ നാലിൽ മൂന്ന് ഭാഗവും ഈ ചെറിയ നഗരങ്ങളിൽ നിന്നുള്ളതാണ്. കമ്മീഷനുകൾ നിർത്തലാക്കിയതിലൂടെ മീഷോ അതിന്റെ എതിരാളികൾ ചെയ്യാത്തത് ചെയ്തു. ആമസോണും ഫ്ലിപ്കാർട്ടും വിൽപനക്കാരിൽ നിന്ന് 2% മുതൽ 20% വരെ നിരക്ക് ഈടാക്കിയപ്പോൾ, ഷിപ്പിംഗ് ചിലവുകൾ ഒഴികെ മുഴുവൻ ഉത്പന്ന മൂല്യവും നിലനിർത്താൻ മീഷോ വിൽപനക്കാരെ അനുവദിച്ചു. സീറോ കമ്മീഷൻ വൈൽഡ് കാർഡിലൂടെ 2023 ആയപ്പോഴേക്കും 1.3 ദശലക്ഷത്തിലധികം വിൽപനക്കാരെ ആകർഷിക്കാൻ മീഷോയ്ക്കായി. 2027 ആകുമ്പോഴേക്കും ഇത് 10 ദശലക്ഷമായി ഉയർത്താനാണ് പദ്ധതി. ഈ മോഡൽ വിലനിർണയത്തെ പ്രധാന നേട്ടമാക്കി മാറ്റാൻ കമ്പനിയെ സഹായിച്ചു. മീഷോയുടെ ഏകദേശം 65% ഉത്പന്നങ്ങളുടെയും വില മറ്റ് പ്ലാറ്റ്‌ഫോമുകളേക്കാൾ 20–30% കുറവാണ്. കൂടാതെ, അതിന്റെ വിൽപനക്കാരിൽ 80% ത്തിലധികവും ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള ഫസ്റ്റ് ടൈം ഇ-കൊമേഴ്‌സ് പങ്കാളികളാണ്. 2021 ആയപ്പോഴേക്കും, മീഷോ ഒമ്പത് ദശലക്ഷം സ്ത്രീകളെ ബിസിനസുകൾ ആരംഭിക്കാൻ പ്രാപ്തരാക്കി. പലരും വീട്ടുജോലികൾ ഡിജിറ്റൽ സ്റ്റോർഫ്രണ്ടുകളുമായി ചേർത്ത് കൊണ്ടുനടന്നു.
ഇ-കൊമേഴ്‌സിലെ പ്രധാന കണ്ണിയാണ് ലോജിസ്റ്റിക്‌സ്. ലോജിസ്റ്റിക്സ് വിപണിയായ വാൽമോ വഴി, മീഷോ ഓരോ ഓർഡർ ഡെലിവറി ചിലവും കുറയ്ക്കുകയും ഒരു ദിവസം ഒരു ദശലക്ഷത്തോളം ഷിപ്പ്മെന്റുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സംവിധാനം നിർമിച്ചു. 15,000ത്തിലധികം പിൻ കോഡുകൾ ഉൾക്കൊള്ളുന്നതാണ് അതിന്റെ വ്യാപ്തി. കൂടാതെ 6,000 ലോജിസ്റ്റിക്സ് പങ്കാളികളുടെ പിന്തുണയും വാൽമോയ്ക്കുണ്ട്. ഒരു ഓർഡറിനുള്ള ലോജിസ്റ്റിക്സ് ചിലവ് 2023 സാമ്പത്തിക വർഷത്തിൽ 50.45 രൂപയായിരുന്നിടത്ത് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 37.70 രൂപയായി കുറഞ്ഞു. ഇത് പരമ്പരാഗത ലോജിസ്റ്റിക്സ് ദാതാക്കളേക്കാൾ വാൽമോയെ ഏകദേശം 5% ചിലവ് കുറഞ്ഞതാക്കി. ചിലവ് കാര്യക്ഷമതയിലുള്ള ഈ ശ്രദ്ധ മീഷോയെ ആയിരക്കണക്കിന് പിൻ കോഡുകളിലൂടെ 99 രൂപയുടെ ഹോം ഡെക്കർ ഇനങ്ങൾ പോലുള്ള കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങൾ പോലും ലാഭകരമായി ഷിപ്പ് ചെയ്യാൻ പ്രാപ്തരാക്കി. വർഷ എന്ന ജനറേറ്റീവ് എഐ-പവെർഡ് വോയ്‌സ് ബോട്ട് അവതരിപ്പിച്ചതും മീഷോയുടെ മുന്നേറ്റത്തിൽ പ്രധാനമായി.
താങ്ങാനാവുന്ന വില, വിൽപനക്കാരുടെ ശാക്തീകരണം, ലോജിസ്റ്റിക്സ് നവീകരണം, ആഴത്തിലുള്ള പ്രാദേശികവൽക്കരണം എന്നിങ്ങനെ നാല് തൂണുകളിൽ അധിഷ്ഠിതമാണ് മീഷോയുടെ വിജയതന്ത്രം. നഗര സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ബഹുജന വിപണി, ആദ്യമായി വാങ്ങുന്നവർ, ബജറ്റ് അവബോധമുള്ള കുടുംബങ്ങൾ, സൂക്ഷ്മ സംരംഭകർ എന്നിവർക്കായി മീഷോ പ്ലാറ്റ്‌ഫോം മാറ്റി. 2024 ആയപ്പോഴേക്കും, ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 13% (ഏകദേശം 187 ദശലക്ഷം പേർ) മീഷോയിൽ നിന്ന് ഒരു തവണയെങ്കിലും പർച്ചേഴ്സ് നടത്തിയവരായി. നിലവിൽ പ്രതിവർഷം 1.3 ബില്യൺ ഓർഡറുകളാണ് മീഷോ പ്രോസസ്സ് ചെയ്യുന്നത്. കമ്പനി കുറഞ്ഞ ചിലവുള്ള മാർക്കറ്റ്പ്ലെയ്സ് എന്ന നിലയിൽ മാത്രമല്ല, ബഹുജന ഡിജിറ്റൽ വാണിജ്യത്തിനുള്ള ഇൻഫ്രാസട്രക്ചർ ലെയറായും സ്വയം സ്ഥാപിക്കുന്നു.
Explore the phenomenal success story of Meesho, the e-commerce platform founded by Vidit Aatrey and Sanjeev Barnwal, which achieved a ₹50,000 crore business value in 10 years by focusing on Tier 2/3 cities, zero commission model, and empowering micro-entrepreneurs.
