മട്ടാഞ്ചേരിയെ ഫോർട്ട് കൊച്ചിയുമായി ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള വിശദ പഠനം നടത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റ‍് മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ. മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മട്ടാഞ്ചേരിയിലേക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കാൻ മെട്രോ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു.

അതേസമയം, വേലിയിറക്ക സമയത്ത് വാട്ടർ മെട്രോയ്ക്കും സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്കും സർവീസ് തടസ്സപ്പെടുന്ന വിഷയത്തിൽ പരിഹാരം കാണണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഇത് കാലങ്ങളായി ഉയർത്തുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്.
ഫെറി സർവീസുകൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കൃത്യമായ ആഴംകൂട്ടൽ നടത്താൻ നടപടിയെടുക്കണമെന്നാണ് ആവശ്യം. ആഴംകൂട്ടൽ കാര്യക്ഷമമായി നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ബെഹ്റ ഉറപ്പ് നൽകിയതായി ഐസിസിഐ ഭാരവാഹികൾ അറിയിച്ചു.
വാട്ടർ മെട്രോ സർവീസുകൾ തോപ്പുംപടി, പള്ളുരുത്തി തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് ദീർഘിപ്പിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. മെട്രോ റെയിൽ പള്ളുരുത്തിയിലേക്ക് നീട്ടുന്നതിനുള്ള നിർദേശവും യോഗത്തിൽ അവതരിപ്പിച്ചു. ആവശ്യങ്ങൾ നടപ്പിലാക്കാൻ കെഎംആർഎൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ ഉറപ്പുനൽകി.
KMRL MD Loknath Behera announces a detailed study for Kochi Water Metro services between Fort Kochi and Mattancherry to improve regional transport.
