ദേശീയപാത–66ൽ പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ഇടനാഴി കേരളത്തിൽ യാഥാർഥ്യമാകുന്നു. ചരക്ക് വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനം ചർച്ച ചെയ്യുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, ഇൻ്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഡ്രൈവിങ് കേരളാസ് ഇ-ട്രക്ക് ഇക്കോസിസ്റ്റം വിത്ത് പിഎം ഇ-ഡ്രൈവ് സ്കീം’ എന്ന ശിൽപ്പശാലയിൽ ഇതുസംബന്ധിച്ച പദ്ധതികൾക്ക് തുടക്കം കുറിച്ചു. വൈദ്യുത ചരക്ക് ഗതാഗതത്തിനായുള്ള സംസ്ഥാനത്തിന്റെ റോഡ്‌മാപ് തയ്യാറാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ, വൈദ്യുതി സ്ഥാപനങ്ങൾ, വൈദ്യുത വാഹന കമ്പനികൾ, ലോജിസ്റ്റിക്‌സ് ഓപ്പറേറ്റർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്കായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ കീഴിൽ സ്വകാര്യഭൂമിയിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ താൽപ്പര്യപത്രം സ്വീകരിക്കുന്നതിന് കെഎസ്ഇബി വികസിപ്പിച്ച വെബ്പോർട്ടൽ മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്സ് പാർക്കുകളും വികസിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് വഴിയുള്ള ചരക്ക് നീക്കം വർധിക്കും. ഈ അവസരത്തിലാണ് മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളുടെ വൈദ്യുതീകരണത്തിലൂടെ വ്യാവസായിക ലാഭവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നത്. വായു മലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനും ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ വൈദ്യുതീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രധാന ദേശീയ–സംസ്ഥാന ഹൈവേകളിൽ ഇ– ട്രക്ക്, ഇ– ബസ് ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതിയിൽ 2000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്
Kerala is set to host India’s first electric truck corridor on NH-66 under the PM E-DRIVE scheme, promoting sustainable logistics and reducing carbon emissions
