ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായി. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വരുമാനത്തിന്റെ പകുതിയും അരവണ വിൽപ്പനയിൽ നിന്നാണ്.

തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയായിരുന്നു . കഴിഞ്ഞ സീസണിൽ ഇതേ സമയത്തു ലഭിച്ച 69 കോടിയെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതൽ ആയിരുന്നു ഇത് . ഈ കാലയളവിൽ 47 കോടി രൂപയായിരുന്നു അരവണയിൽ നിന്നുള്ള വരുമാനം. അതാണ് 106 കോടി രൂപയായി വർധിച്ചത്.
അരവണ നിയന്ത്രണം തുടരും
ഒരാള്‍ക്ക് 20 ടിന് അരവണ നല്കുന്ന തീരുമാനം തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. എല്ലാവര്ക്കും അരവണ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അയ്യപ്പന്മാര്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നുന്നില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാല്‍ മൂന്നു ദിവസം കഴിഞ്ഞാണ് തുറക്കുക. ഈ സമയത്ത് കൂടുതല്‍ അരവണ ഉത്പാദിപ്പിച്ച് കരുതല്‍ശേഖരം വര്‍ധിപ്പിക്കാനാകും.
തീര്‍ഥാടനകാലത്തിന്റെ ആദ്യ ആഴ്ചയില്‍ അരവണ വില്‍പ്പനയില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലായിരുന്നു. 45 ലക്ഷം അരവണ കരുതല്‍ ശേഖരവുമായാണ് ഈ വര്‍ഷത്തെ തീര്‍ഥാടന കാലം ആരംഭിച്ചത്. എന്നാല്‍ അഭൂതപൂര്‍വ്വമായ അരവണ വില്‍പ്പനയാണ് ഉണ്ടായത്. 3.5 ലക്ഷം ടിന് അരവണ വില്‍പ്പനയാണ് ഒരു ദിവസം പ്രതീക്ഷിച്ചതെങ്കിലും ശരാശരി നാലര ലക്ഷം അരവണയാണ് വിറ്റത്. ഇത് കരുതല്‍ ശേഖരം പെട്ടെന്ന് ശോഷിപ്പിക്കുന്നതിന് കാരണമായി. നിലവില്‍ പത്ത് ലക്ഷത്തിലധികം അരവണ ടിന്നുകള്‍ കരുതല്‍ ശേഖരമായുണ്ട്. മണ്ഡല പൂജ അടുക്കുന്ന സാഹചര്യത്തിലുണ്ടാകാവുന്ന ഭക്തരുടെ എണ്ണത്തിലെ വര്‍ധന കണക്കിലെടുത്താണ് നിലവിലെ ക്രമീകരണം. അരവണ ഉത്പാദനം ഇതില്‍ വര്‍ധിപ്പിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. ഇപ്പോള്‍ മൂന്നു ലക്ഷം അരവണയാണ് ഉത്പാദിപ്പിക്കുന്നത് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ മറ്റൊരു അരവണ പ്ലാന്റ് നിര്‍മ്മിച്ചാല്‍ നാലു മുതല്‍ അഞ്ച് ലക്ഷം വരെ പ്രതിദിനം അരവണ ഉത്പാദിപ്പിക്കാന്‍ കഴിയും.
മണ്ഡലകാല ഉത്സവ നടത്തിപ്പില്‍ സാങ്കേതികവിദ്യയുടെ കൂടുതലായി ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇതിനായുള്ള സാങ്കേതിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. കോടതി തന്നെ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള സാധ്യത ചര്‍ച്ച ചെയ്യും. നിലയ്ക്കലില്‍ നിന്ന് പുറപ്പെടുന്നവര്‍ എത്ര നേരം കൊണ്ട് പമ്പയിലെത്തും എത്ര നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരും തുടങ്ങിയവയെല്ലാം നിര്‍മ്മിത ബുദ്ധിയും ജിപിഎസ് സംവിധാനവും ഉപയോഗിച്ച് നിര്‍ണയിക്കാനാകും. ഇത്തരം സാധ്യതകളാണ് പരിശോധിക്കുന്നത്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള നവീകരണമാണ് ശബരിമലയില്‍ നടപ്പാക്കുകയെന്നും കെ. ജയകുമാര്‍ അറിയിച്ചു.
മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ കവിഞ്ഞു. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്.
Sabarimala records a total revenue of ₹210 crore this season, with ₹106 crore coming from Aravana sales alone. Learn about the new purchase limits and technology master plan.
