നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ, അടുത്ത വർഷം അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള എട്ട് വിമാനത്താവളങ്ങളിലായി യാത്രക്കാരുടെ എണ്ണം 12 കോടി കടക്കുമെന്ന് അദാനി എയർപോർട്ട്സ് പ്രതീക്ഷിക്കുന്നതായി ഡയറക്ടർ ജീത് അദാനി. ഡിസംബർ 25ന് നവി മുംബൈ വിമാനത്താവളത്തിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള രംഗത്ത് വിദേശത്ത് പുതിയ ആസ്തികൾ തേടുന്നില്ലെന്നും നിലവിൽ ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജീത് അദാനി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഏഴ് വിമാനത്താവളങ്ങളിലായി ഏകദേശം 89–90 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം അത് 100 ദശലക്ഷത്തിനടുത്ത് എത്തുമെന്നും, നവി മുംബൈ വിമാനത്താവളം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ അടുത്ത വർഷം വലിയ വർധന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മുംബൈ, അഹമ്മദാബാദ്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ, ഗുവാഹത്തി, മംഗളൂരു എന്നീ ഏഴ് വിമാനത്താവളങ്ങളാണ് അദാനി എയർപോർട്ട്സ് കൈകാര്യം ചെയ്യുന്നത്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 25ന് പ്രവർത്തനം ആരംഭിക്കുന്നതോടെ ഗ്രൂപ്പിന്റെ എട്ടാമത്തെ വിമാനത്താവളമാകും.
1,160 ഹെക്റ്റർ വിസ്തീർണത്തിൽ വികസിപ്പിക്കുന്ന നവി മുംബൈ വിമാനത്താവളം എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ വർഷംതോറും 90 ദശലക്ഷം യാത്രക്കാരെയും 32.5 ലക്ഷം മെട്രിക് ടൺ ചരക്കുകളും കൈകാര്യം ചെയ്യാനുള്ള ശേഷിയിലെത്തും. ഇത് ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവള ഹബ്ബുകളിലൊന്നായി മാറുമെന്നും ജീത് അദാനി പറഞ്ഞു. വ്യോമയാന മേഖലയിൽ ഇന്ത്യ അതിവേഗം വളരുകയാണെന്നും, ഇരട്ട അക്ക വളർച്ചാനിരക്കുകൾ നിലനിൽക്കുന്നതായും ജീത് അദാനി പറഞ്ഞു. വിമാനങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് യാത്രക്കാരുടെ വർധനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adani Airports director Jeet Adani expects passenger traffic to hit 12 crore next year as Navi Mumbai International Airport begins operations on December 25.
