ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ പര്യടനനത്തിന്റെ ചിലവ് പുറത്തുവിട്ട് സംഘാടകർ. ‘ഗോട്ട് ടൂർ’ എന്നറിയപ്പെട്ട ഇന്ത്യാ സന്ദർശനത്തിന്റെ ചിലവ് കണക്കാണ് സംഘാടകർ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യാ സന്ദർശനത്തിന് മെസ്സിക്ക് 89 കോടി രൂപ പ്രതിഫലം നൽകിയതായി സംഘാടകർ വെളിപ്പെടുത്തി. കേന്ദ്ര സർക്കാറിന് 11 കോടി രൂപ നികുതിയിനത്തിലും നൽകി. പ്രതിഫലവും നികുതിയും മാത്രം ഇങ്ങനെ 100 കോടി രൂപയായി. ഈ തുകയുടെ 30 ശതമാനം സ്പോൺസർമാരിൽന്ന് കണ്ടെത്തിയതായും ബാക്കി 30 ശതമാനം ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചതായുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നെങ്കിലും മെസ്സിയുടെ വരവിനു പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടായിരുന്നു. വൻ തുക മുടക്കി ടിക്കറ്റെടുത്തവർക്ക് മെസ്സിയെ 10 മിനിറ്റ് പോലും കാണാനാകാതെ വന്നതോടെയാണ് സംഘർഷമുണ്ടായത്. 5000 മുതൽ 25000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത് എത്തിയവർ കസേരകൾ വലിച്ചെറിഞ്ഞും മറ്റും പ്രതിഷേധിച്ചിരുന്നു. പരിപാടി അലങ്കോലമായതോടെ മുഖ്യ സംഘാടകൻ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെസ്സിയെ കാണാൻ 150 ഗ്രൗണ്ട് പാസുകൾ മാത്രമേ നൽകിയിരുന്നുള്ളൂവെന്നാണ് സതാദ്രു ദത്ത പൊലീസിനോട് പറഞ്ഞത്. സംഘർഷം അന്വേഷിക്കുന്നതിനായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. സുരക്ഷാ വീഴ്ചയെ കുറിച്ചും സംഭവത്തിൽ സംഘാടകരുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെ കുറിച്ചും അന്വേഷണം തുടരുകയാണ്. കൊൽക്കത്തയിൽ നിന്ന് ഹൈദരാബാദിലെയും മുംബൈയിലെയും ഡൽഹിയിലെയും പരിപാടികൾ കഴിഞ്ഞ ശേഷമാണ് മെസ്സി മടങ്ങിയത്.
അതേസമയം സതാദ്രു ദത്ത പറയുന്നതനുസരിച്ച് ടിക്കറ്റ് വിൽപനയുടെയും സ്പോൺസർമാരുടെയും കണക്കുകൾ മൊത്തം ചിലവിന്റെ 60 ശമാനത്തോളം മാത്രം വരുന്നുള്ളൂ. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥർ ദത്തയുടെ അവകാശവാദങ്ങളെ സംശയിക്കാൻ പ്രധാന കാരണം. തുടർന്ന് ദത്തയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പോലീസ് 22 കോടി രൂപ പിടിച്ചെടുത്തു. അന്വേഷണ സംഘം ദത്തയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് തുക പിടിച്ചെടുത്തത്. മെസ്സിയുടെ ഷോയിൽ കള്ളപ്പണം ഉപയോഗിച്ചിരിക്കാമെന്നടക്കം അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
Organizers of Lionel Messi’s India tour reveal a ₹100 crore expenditure, including 11 crores in tax. Details on the Kolkata stadium chaos and police investigation.
