ഇന്ത്യയിൽ എട്ട് മാസത്തിനുള്ളിൽ 30,000 ത്തോളം ജീവനക്കാരെ നിയമിച്ച് തായ്‌വാനീസ് കമ്പനി ഫോക്‌സ്‌കോൺ. ഫോക്സ്കോണിന്റെ ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ പുതിയ ഐഫോൺ അസംബ്ലി യൂണിറ്റിലേക്കാണ് വമ്പൻ നിയമനം. ഇത് ഇന്ത്യയിലെ ഇതുവരെയുള്ള ഏതൊരു ഫാക്ടറിയുടെയും ഏറ്റവും വേഗതയേറിയ റാമ്പ് അപ്പ് ആണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയ്ക്ക് പുറത്ത് വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്റെ പ്രതിബദ്ധത കൂടിയാണ് ഇതി പ്രതിഫലിപ്പിക്കുന്നത്. ഇതിനുപുറമേ, 300 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം പ്രധാനമായും നടത്തുന്നത് സ്ത്രീകളാണെന്ന സവിശേഷതയുമുണ്ട്. ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 80% സ്ട്രീകളാണ്. അതിൽ ഭൂരിഭാഗവും 19-24 വയസ്സിനിടയിലുള്ളവരാണെന്നും കമ്പനി അറിയിച്ചു.

ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ഐഫോൺ 16 ഉപയോഗിച്ചുള്ള പരീക്ഷണ ഉത്പാദനം ഫാക്ടറി ആരംഭിച്ചതായും ഇപ്പോൾ ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ നിർമ്മിക്കുന്നതായും കമ്പനി പ്രതിനിധി പറഞ്ഞു. ഉത്പാദനത്തിന്റെ 80% ത്തിലധികവും കയറ്റുമതി ചെയ്യുന്നു. അടുത്ത വർഷം ഉത്പാദനത്തിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തുമ്പോൾ 50,000 ജീവനക്കാരെ വരെ ഈ സൗകര്യത്തിൽ ഉൾപ്പെടുത്താൻ കഴിയും. ആറ് വലിയ ഡോർമിറ്ററികളിൽ പലതും നിലവിൽ വനിതാ ജീവനക്കാരെ പാർപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ബാക്കിയുള്ളവയുടെ നിർമാണവും അതിവേഗം നടക്കുകയാണെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
അടുത്ത വർഷം നടക്കാനിരിക്കുന്ന വിപുലീകരണത്തോടെ, ഇന്ത്യയിലെ ഏതൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തേക്കാളും കൂടുതൽ സ്ത്രീ തൊഴിലാളികളെ ഒരു സ്ഥലത്ത് തന്നെ താമസിപ്പിക്കാൻ ഈ സൗകര്യം സഹായിക്കുമെന്നാണ് ഫോക്സ്കോണിന്റെ കണക്കുകൂട്ടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള സ്ത്രീ തൊഴിലാളികൾക്കായി റെസിഡൻഷ്യൽ, മെഡിക്കൽ, സ്കൂൾ, വിനോദം എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളുള്ള മിനി ടൗൺഷിപ്പായി സൗകര്യം മാറ്റാനും പദ്ധതിയുണ്ട്.
Foxconn’s new Bengaluru facility achieves India’s fastest factory ramp-up, hiring 30,000 employees. The unit is 80% women-led and focuses on iPhone production.
